ഭക്ഷണം നല്‍കാന്‍ വൈകിയതിന് സ്വിഗ്ഗി ഡെലിവെറി ബോയ് റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊന്നു.
ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണിയും പൂരി സബ്ജിയും വാങ്ങാനെത്തിയ ഡെലിവെറി ബോയും കട ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതിനുപിന്നാലെയാണ് കൈയിലിരുന്ന തോക്കുപയോഗിച്ച് യുവാവ് വെടിയുതിര്‍ത്തത്.
ഓര്‍ഡറനുസരിച്ച് ബിരിയാണി കൃത്യസമയത്ത് തന്നെ നല്‍കിയെങ്കിലും പൂരി തയ്യാറാകാന്‍ അല്‍പം താമസിക്കുമെന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ ഡെലിവെറി ബോയിയെ അറിയിച്ചു. ഇതോടെ ഡെലിവറി ബോയ് ജീവനക്കാരനുമായി തര്‍ക്കത്തിലായി.
സംഭവത്തില്‍ ഇടപെട്ട റസ്റ്റോറന്റ് ഉടമയായ സുനില്‍ അഗര്‍വാള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിനിടെ ഡെലിവറി ബോയ് സുനില്‍കുമാറിന്റെ തല ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. യുവാവിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി ജീവനക്കാരന്‍ പറഞ്ഞു.
സുനില്‍കുമാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.