രാജ്യത്ത് ഉത്സവസീസണ്‍ അടുക്കുമ്ബോള്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും വലിയ ജനക്കൂട്ടം ഒത്തുചേരുന്ന അവസരങ്ങളില്‍ രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കു മാത്രം പ്രവേശനം നല്കിയാല് മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉത്സവ സീസണ് അടുക്കുമ്ബോള്‍ ജാഗ്രത കുറയാനുള്ള സാഹചര്യമുണ്ടെന്നും അതിനു മുമ്ബ് വാക്സിനേഷന് പരമാവധി ആളുകളില്‍ എത്തിക്കുകയാണ് വേണ്ടതെന്നും ഐ സി എം ആര് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബറിനു മുമ്ബ് പരമാവധി മുതിര്‍ന്നവര്‍ക്കും ഒരു ഡോസ് വാക്സിന് എങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓഗസ്റ്റ് അവസാന വാരത്തോടെ ഇന്ത്യയില്‍ ദിവസേന വാക്സിന് സ്വീകരിക്കുന്നവരുടെ ശരാശരിയില്‍ വര്‍ദ്ധന വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ശരാശരി 80 ലക്ഷം ഡോസ് വാക്സിന് ദിനംപ്രതി നല്‍കിയതായും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡിന്റെ രണ്ടാം തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നും അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു.