കൊവിഡ് വാക്സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. വിദേശത്ത് പോകുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്കാണ് ഇളവനുവദിച്ചത്.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും
രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ഹർജി പരിഗണിച്ച സാഹചര്യത്തിൽ എൺപത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്സിൻ ക്ഷാമം മൂലമല്ല, മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.