Breaking News

56 വര്‍ഷം മുമ്പ് ​ ഉപേക്ഷിച്ച റെയില്‍ പാത വീണ്ടും തുറക്കുന്നു; ഇന്ത്യയില്‍നിന്ന്​ ബംഗ്ലാദേശിലേക്ക്​ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ്​….

56 വര്‍ഷം മുമ്പ് ​ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ്​ ട്രെയിന്‍ സര്‍വിസ്​ പുനരാരംഭിക്കുന്നത്​.

ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് കൂച്ച്‌ ബിഹാറിലെ ഹല്‍ദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര്‍ ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്.

കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷണര്‍ തൗഫീഖ്​ ഹുസൈന്‍, ഹൈകമീഷന്‍ ബിസിനസ് മേധാവി എം.ഡി. ശംസുല്‍ ആരിഫ്, സിലിഗുരി സൊണാലി ബാങ്ക് മാനേജര്‍ ജബീദുല്‍ ആലം എന്നിവര്‍ ഹല്‍ദിബാരി റെയില്‍വേ സ്റ്റേഷനും റെയില്‍വേ ട്രാക്കും സന്ദര്‍ശിച്ചു. ചിലഹത്തിക്കും ഹല്‍ദിബാരിക്കും ഇടയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് തൗഫീഖ്​ ഹുസൈന്‍ പറഞ്ഞു.

‘ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഇരു രാജ്യങ്ങളും അനുമതി നല്‍കിയിട്ടുണ്ട്​. പുതിയ സര്‍വിസ്​ ഇരുരാജ്യങ്ങളുടെയും വിനോദസഞ്ചാരവും വ്യാപാരബന്ധവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. രാജ്യങ്ങളുടെ വികസനത്തിനും കരുത്തേകും. കോവിഡ് സാഹചര്യം സാധാരണ നിലയിലായാല്‍ ബംഗ്ലാദേശിലേക്ക്​ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ സാധിക്കും’ -തൗഫീഖ്​ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക്​ പുറമെ ഓരോ മാസവും ഏകദേശം 20 ചരക്ക് ട്രെയിനുകളും സര്‍വിസ്​ നടത്തും.

ഇന്ത്യയും ബംഗ്ലാദേശും (അന്നത്തെ കിഴക്കന്‍ പാകിസ്​താന്‍) തമ്മിലുള്ള ഹല്‍ദിബാരി-ചിലഹത്തി റെയില്‍പാത 1965 വരെ പ്രവര്‍ത്തിച്ചിരുന്നു. വിഭജനകാലത്ത് കൊല്‍ക്കത്തയില്‍നിന്ന് സിലിഗുരിയിലേക്കുള്ള ബ്രോഡ് ഗേജ് പ്രധാന പാതയുടെ ഭാഗമായിരുന്നുവിത്. വിഭജനത്തിനു ശേഷവും അസമിലേക്കും വടക്കന്‍ ബംഗാളിലേക്കും പോകുന്ന ട്രെയിനുകള്‍ ഇതുവഴി യാത്ര തുടര്‍ന്നു. എന്നാല്‍, 1965ലെ യുദ്ധത്തെ തുടര്‍ന്ന്​ ഇന്ത്യയും അന്നത്തെ കിഴക്കന്‍ പാകിസ്​താനും തമ്മിലുള്ള എല്ലാ റെയില്‍വേ ബന്ധങ്ങളും വിച്ഛേദിച്ചു.

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …