Breaking News

ആണ്‍കുട്ടികള്‍ മാത്രം വന്നാല്‍ മതി, അഫ്ഗാനില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ താലിബാന്‍ തനിസ്വഭാവം കാട്ടി, ഇരുളിലാവുന്നത് ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ജീവിതം…..

രണ്ടാം വരവില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ പോലെ വിദ്യാഭ്യാസത്തിനും ജോലിയുമെല്ലാം ഉറപ്പ് നല്‍കിയ താലിബാന്‍ ദിവസം കഴിയുന്തോറം വാഗ്ദ്ധാനങ്ങളില്‍ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകള്‍ ജോലിക്ക് വരേണ്ടെന്ന നിലപാടിലെത്തിയ താലിബാന്‍ ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസം പോലും നല്‍കാന്‍ മടികാണിക്കുകയാണ്. ഒരു മാസത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സെക്കണ്ടറി സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിരിക്കുകയാണ് താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം. എന്നാല്‍ ഈ ഉത്തരവില്‍ ആണ്‍കുട്ടികള്‍ ഹാജരാവുന്നതിനെ കുറിച്ച്‌ മാത്രമാണ് വിശദീകരിക്കുന്നത്. ഏഴ് മുതല്‍ 12 വരെ ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ച്‌ ഒരു മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.

അഫ്ഗാനിസ്ഥാനില്‍ മുന്‍പ് ഭരണം നടത്തിയിരുന്നപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താലിബാന്‍ തടഞ്ഞിരുന്നു. സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി തങ്ങള്‍ കഴിഞ്ഞ ഭരണകാലത്തെപ്പോലെ ചെയ്യില്ലെന്നും ഇത്തവണ സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുമെന്നും ആദ്യഘട്ടത്തില്‍ വാഗദ്ധാനം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ വനിത മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വനിതകള്‍ ഇനിമുതല്‍ വരേണ്ടെന്ന വിചിത്ര ഉത്തരവാണ് പുറത്തിറങ്ങിയത്. നേരത്തെ സര്‍വകലാശാലകളില്‍ ലിംഗഭേദമനുസരിച്ച്‌ ക്ലാസ് മുറികള്‍ വേര്‍തിരിച്ച ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപകരെ മാത്രം അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ അവരുടെ ഭാവി ഇരുളടയുമെന്ന് ഉറപ്പാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …