തൊടുപുഴ: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍നിന്ന് പുതുതലമുറയെ രക്ഷിക്കാനും സുരക്ഷകവചം തീര്‍ക്കാന്‍ നടപടികളുമായി പൊലീസ്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ല സൈബര്‍ ക്രൈം പൊലീസാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകള്‍, സൈബര്‍ സുരക്ഷ ക്ലബ് രൂപവത്കരണം, പോസ്റ്റര്‍ പ്രചാരണം തുടങ്ങിയ വിപുലമായ പരിപാടികള്‍ക്ക് തുടക്കമായി. കഴിഞ്ഞ ഒരാഴ്ച ജില്ലയില്‍ സൈബര്‍ സുരക്ഷ വാരമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് സൈബര്‍ സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജനമൈത്രി പൊലീസുമായി ചേര്‍ന്ന് മൂന്ന് ക്ലാസുകള്‍ സംഘടിപ്പിച്ചു.
മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംകുമാര്‍ പറഞ്ഞു. ഒ.ടി.പി കൈമാറിയും അപരിചിതമായ ലിങ്കുകളില്‍ പ്രവേശിച്ചും പണം നഷ്ടപ്പെടുന്ന കേസുകളാണ് കൂടുതലും. ജില്ലയില്‍ കുട്ടികള്‍ക്കിടയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മാസവും ആദ്യ ബുധനാഴ്ച ജില്ലയില്‍ സൈബര്‍ ജാഗരൂകത ദിവസമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉള്‍പ്പെടെ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.