ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വര്‍ണ വിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ചെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മത്സരത്തിന് മുന്‍പ് താരങ്ങള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കണമെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ക്രിക്‌ബസ് ഉള്‍പ്പടെയുള്ള ക്രിക്കറ്റ് വെബ്സൈറ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ.
‘മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡികോക്കിന്റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും’ എന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിന്‍ഡീസിന് എതിരായ മത്സരത്തിന് മുമ്ബ് ബ്ലാക്ക് ലിവ്സ് മാറ്ററിന് പിന്തുണയറിച്ച താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദി പറഞ്ഞു.
ലോകകപ്പില്‍ തുടര്‍ മത്സരങ്ങളിലും താരങ്ങള്‍ നിര്‍ദ്ദേശം പാലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ഡിക്കോക്കിന് പകരം റീസ ഹെന്‍ഡ്രിക്സാണ് പ്ലേയിങ് ഇലവനിലെത്തിയത്. ഓസീസിനോട് തോറ്റ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പ്രോട്ടീസ് ടീമിലെ ഏക മാറ്റം ഡിക്കോക്കിന്റെ അസാന്നിധ്യമാണ്.
ടീമില്‍ ആഭ്യന്തര കലഹമെന്ന രീതിയിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. ഡികോക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായാണ് ടോസ് വേളയില്‍ നായകന്‍ തെംബ ബവൂമ വ്യക്തമാക്കിയത്. ഇതിനിടെ മുട്ടുകുത്തി നിൽക്കാൻ വിസമ്മതിക്കുന്ന ഡിക്കോകിന്റെ പഴയ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.