അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നിര്‍ണായക നീക്കവുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശിശുക്ഷേമസമിതിക്ക് കൈമാറി. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ശിശുക്ഷേമ സമിതി ഉടന്‍ തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലെത്തിച്ച് കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന നടത്തുമെന്നാണ് സൂചന. ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്ല്യൂ.സി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കുടുംബകോടതി
നിര്‍ദേശപ്രകാരമുള്ള നടപടികള്‍ക്കായി സി.ഡബ്ല്യൂ.സിക്ക് മുമ്ബാകെ ഹാജരായതിന് ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സി.ഡബ്ല്യൂ.സിയുടെ നിലപാട്. ഇത് പൂര്‍ണമായി അംഗീകരിക്കാനാകില്ല. സി.ഡബ്ല്യൂ.സിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡി.എന്‍.എ നടപടികള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞിരുന്നു.