മൈസൂരുവിലെ ശ്രീരാമപുരയില്‍ ഭൂസ്വത്ത് സ്വന്തമാക്കാന്‍ സഹോദരീപുത്രന് മുദ്രപ്പത്രത്തില്‍ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിച്ചു. മൃതദേഹത്തിന്റെ സമീപത്തിരുന്ന് വിരലടയാളം പതിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ശ്രീരാമപുര ലേഔട്ടിലെ ജയമ്മ (73)യാണ് മരിച്ചത്. പാരമ്പര്യമായി ലഭിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 14 ഏക്കര്‍ ഭൂമി ഇവരുടെ പേരിലുണ്ട്.
ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മക്കളില്ല. രണ്ട് മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരനുമാണ് ഇവര്‍ക്കുള്ളത്. ജയമ്മയുടെ ഒരു സഹോദരിയുടെ മകനാണ് ഒന്നുമെഴുതാത്ത മുദ്രപത്രത്തില്‍ ഇവരുടെ വിരലടയാളം പതിപ്പിച്ചത്. ജയമ്മയെ ശുശ്രൂഷിച്ചിരുന്നത് താനാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. മരണവിവരമറിഞ്ഞ് മുദ്രപ്പത്രവുമായി വീട്ടിലെത്തിയ ഇയാള്‍ ബന്ധുക്കളുടെ മുന്നില്‍വെച്ച് മൃതദേഹത്തിന്റെ കൈപിടിച്ച് വിരലടയാളം
പതിപ്പിക്കുകയായിരുന്നു. മറ്റൊരു സഹോദരിയുടെ മകള്‍ ഇതിനെ ചോദ്യംചെയ്യുകയും വിരലടയാളം പതിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മുദ്രപ്പത്രം തിരികെ നല്‍കാനും ആവശ്യപ്പെട്ടു. മുദ്രപ്പത്രവുമായി ഇയാള്‍ അഭിഭാഷകനായ അയല്‍വാസിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വിദ്യാരണ്യപുരം പോലീസ് കേസെടുത്തിട്ടുണ്ട്.