നിങ്ങളുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയാം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു ആംബുലന്‍സ് ഡ്രൈവറുടെ കഥ അതിനു തെളിവാണ്. കിഴക്കന്‍ ബര്‍ധമാന്‍ ജില്ലയിലെ നിവാസിയായ ഷെയ്ഖ് ഹീര ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്ന് 270 രൂപയ്ക്ക് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. ഉച്ചയോടെ അയാള്‍ ഒരു കോടീശ്വരനായി.
വാസ്‌തവത്തില്‍, ഒരു കോടി രൂപയുടെ ജാക്ക്‌പോട്ട് നേടിയതിന് ശേഷം അദ്ദേഹം വളരെയധികം ആകുലനായിരുന്നു. എന്ത് ചെയ്യണം എന്ന ഉപദേശം തേടാന്‍ അദ്ദേഹം നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. ലോട്ടറി ടിക്കറ്റ് നഷ്ടപ്പെടുമോ എന്ന ഭയവും മനസ്സിലുണ്ടായിരുന്നു. ഒടുവില്‍ ശക്തിഗഢ് പോലീസ് ഇയാളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇയാളുടെ വീട്ടില്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഷെയ്ഖിന്റെ അമ്മ രോഗിയാണ്. അമ്മയുടെ ചികില്‍സയ്ക്കായി ഇദ്ദേഹത്തിന് ധാരാളം പണം ആവശ്യമായിരുന്നു. പെട്ടെന്നുണ്ടായ ഈ ഭാഗ്യം കൊണ്ട് അമ്മ ഉടന്‍ സുഖം പ്രാപിക്കുമെന്ന വിശ്വാസത്തിലാണ് ആംബുലന്‍സ് ഡ്രൈവര്‍. “ഒരു ദിവസം ജാക്ക്പോട്ട് നേടുന്നതിനെക്കുറിച്ച് ഞാന്‍ എപ്പോഴും സ്വപ്നം കാണുകയും ടിക്കറ്റുകള്‍ വാങ്ങുകയും ചെയ്തു. ഒടുവില്‍, ഭാഗ്യദേവത എന്നെ നോക്കി പുഞ്ചിരിച്ചു,” ഷെയ്ഖ് പറഞ്ഞു.
പണം എന്ത് ചെയ്യും എന്ന ചോദ്യത്തിന്, താന്‍ ഒരു താഴ്ന്ന ഇടത്തരം കുടുംബത്തില്‍ പെട്ടയാളാണെന്നും തന്റെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ഷെയ്ഖ് പറഞ്ഞു. അമ്മയ്ക്ക് മികച്ച ചികിത്സ ലഭിക്കും. അമ്മയ്‌ക്ക് വേണ്ടി മാത്രമല്ല താമസിക്കാന്‍ നല്ലൊരു വീട് പണിയുകയും ചെയ്യും. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ ഷെയ്ഖ് ഹീരയ്‌ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ ഷെയ്ഖ് ഹനീഫ് പറഞ്ഞു,
“ഞാന്‍ വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റ് ബിസിനസ്സിലാണ്. പലരും എന്റെ കടയില്‍ നിന്ന് ടിക്കറ്റ് വാങ്ങുന്നു. ചിലര്‍ക്ക് ഭാഗ്യം കടാക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ജാക്ക്പോട്ട് സമ്മാനം എന്റെ കടയില്‍ നിന്ന് ഇതുവരെ വന്നിട്ടില്ല. ജാക്ക്പോട്ട് ജേതാവ് എന്റെ കടയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതില്‍ ഇന്ന് ഞാന്‍ വളരെ സന്തോഷവാനാണ്,” ഹനീഫ് പറഞ്ഞു.