Breaking News

മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍……

മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍.

റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നില്‍. സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ല്‍ പുതു തലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.

പി.എസ്.എല്‍.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐ.എസ്.ആര്‍.ഒ.യില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പി.എസ്.എല്‍.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു. 2015-ല്‍ എല്‍.പി.എസ്.സി. ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യന്‍ ക്രയോജനിക് ഘട്ടങ്ങള്‍ സാധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എന്‍ജിനീയറിങ്ങില്‍ വിദഗ്ദ്ധനായ സോമനാഥ്, പി.എസ്.എല്‍.വി.യുടെയും ജി.എസ്.എല്‍.വി.

മാര്‍ക്ക് മൂന്നിന്റെയും രൂപകല്‍പന, പ്രൊപ്പല്‍ഷന്‍ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്ന് എയ്റൊ സ്പേസ് എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …