അപകടത്തിലേറ്റ പരിക്കാണ് ഒരു നിമിഷം ശ്രദ്ധ മാറ്റിയത്, അതാണ് മൂര്‍ഖന്‍ കടിയ്ക്കാനിടയാക്കിയതെന്ന് ദുരന്ത നിമിഷം ഓര്‍മ്മിച്ച് വാവ സുരേഷ്. ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി വാവ സുരേഷ്. കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയാക്കി ശ്രീകാര്യത്തെ വീട്ടില്‍ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്. വാഹനാപകടത്തിലെ പരിക്കാണ് ശ്രദ്ധ തെറ്റിച്ചത്.
‘പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേല്‍ക്കാന്‍ കാരണം.’ വാവ സുരേഷ് പറയുന്നു. ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്. അപകടത്തില്‍ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നു. ഇതിന്റെ വേദന നിലനില്‍ക്കുമ്പോഴാണ് കുറിച്ചിയില്‍ പാമ്പിനെ പിടികൂടാന്‍ വരണമെന്നു ഫോണ്‍കോള്‍ ലഭിച്ചത്.
കഴുത്തിനും വാരിയെല്ലുകള്‍ക്കും നല്ല വേദന ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നത്. 2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓര്‍ക്കുന്നു.
പിന്നീട് ഓര്‍മ വന്നത് നാലാം തീയതി ഉണര്‍ന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമായാണെന്നും സുരേഷ് പറഞ്ഞു. തന്നെ അറിയുന്ന എല്ലാവരും രക്ഷപ്പെടാന്‍ പ്രാര്‍ഥിച്ചു. താന്‍ മരണാവസ്ഥയില്‍ കിടന്നപ്പോള്‍ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല.
അവര്‍ക്കു മലയാളികള്‍ മറുപടി കൊടുക്കും. തനിക്കു കിട്ടിയ സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല. പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നു സുരേഷ് പറഞ്ഞു. കോട്ടയം കുറിച്ചിയിലെ നാട്ടുകാര്‍ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ച ശേഷം ഷോ കാണിച്ചിട്ടില്ല.
കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയില്‍ നട്ടെല്ലിനു വേദന തോന്നിയതു കൊണ്ട് ശ്രദ്ധ മാറിയപ്പോഴാണ് കടി കിട്ടിയത്. ചികില്‍സയ്ക്ക് എല്ലാ സഹായവും നല്‍കിയ മന്ത്രി വിഎന്‍ വാസവനോട് നന്ദി പറയുന്നതായും സുരേഷ് പറഞ്ഞു. ഇനിയും വീടുകളില്‍ പാമ്പു കയറിയാല്‍ പഴയ പോലെ തന്നെ പാഞ്ഞെത്തും. ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നത്. വാവ സുരേഷ് പറയുന്നു.