Breaking News

ഇനി ആ കടം വീട്ടാം: അബ്ദുള്ളയെ സഹായിച്ച ‘യഥാര്‍ഥ യൂസിസിന്റെ’ മക്കളെ കണ്ടെത്തി

പിതാവിന്റെ 30 വര്‍ഷം മുന്‍പുള്ള കടം വീട്ടാന്‍ മക്കള്‍ പത്രത്തില്‍ നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍ തന്റെ പിതാവിനെ സഹായിച്ച ലൂസിസിനെ തേടിയുള്ള അന്വേഷണം ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്. ലൂസിസിന്റെ മക്കളെ കണ്ടെത്തിയിരിക്കുകയാണ് നാസറിപ്പോള്‍. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് അബ്ദുള്ളയുടെ ജോലി നഷ്ടപ്പെട്ടപ്പോള്‍ പണം നല്‍കി സഹായിച്ച സുഹൃത്ത് ലൂസിസിനെ തേടിയുള്ള അന്വേഷണമാണ് സഫലമായിരിക്കുന്നത്.

ലൂസിസ് വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് മരിച്ചു. അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ പരസ്യം കണ്ട് നാസറിനെ ബന്ധപ്പെട്ടത്. അബ്ദുള്ളയുടെ സുഹൃത്താണ് ഫോട്ടോ കണ്ട് ലൂസിസിനെ തിരിച്ചറിഞ്ഞത്. ലൂസിസിന്റെ സമീപകാലത്തെ ഫോട്ടോയാണ് ആദ്യം നാസറിന്റെ പക്കലെത്തിയത്. എന്നാല്‍ പുതിയ ഫോട്ടോ ആയതിനാല്‍ സുഹൃത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിന് ശേഷം ലഭിച്ച പഴയ ഫോട്ടോയിലൂടെയാണ് ലൂസിസാണെന്ന് തിരിച്ചറിഞ്ഞത്.

തിരിച്ചു നല്‍കുന്ന പണം വേണ്ടെന്നും അത് അനാഥാലയത്തിന് നല്‍കാനുമാണ് ലൂസിസിന്റെ പെണ്‍മക്കള്‍ നാസറിനോട് പറഞ്ഞത്. തുടര്‍ന്ന് ലൂസിസിന്റെ അനുജന്‍ ബേബിയുമായി നാസര്‍ ബന്ധപ്പെട്ടു. നിലവില്‍ കോവിഡ് സമ്പര്‍ക്കം മൂലം ഹോം ക്വാറന്റൈനിലാണ് ബേബി. മൂന്ന് ദിവസം കഴിഞ്ഞ് ക്വാറന്റൈന്‍ തീരുമ്പോള്‍ പണവുമായി തിരുവനന്തപുരത്ത് നിന്നും നാസര്‍ കൊല്ലത്തേക്ക് തിരിക്കും.

പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ലൂസിസിന്റെ മക്കളെന്ന് അവകാശവാദമുന്നയിച്ച് അഞ്ചുപേര്‍ നാസറിനെ സമീപിച്ചിരുന്നു. എന്നാല്‍ അബ്ദുള്ളയുടെ സുഹൃത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ ആരുമല്ല അന്വേഷിച്ച ആളെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീടാണ് യഥാര്‍ഥ ലൂസിസിന്റെ കുടുംബത്തെ കണ്ടെത്തിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …