മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ആറാട്ട്’ തീയേറ്ററിൽ എത്താൻ ഇരിക്കെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനോട് അഭ്യർത്ഥനയുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തിയേറ്ററുകളിൽ നിന്ന് നല്ലൊരു തുക അഡ്വാൻസ് നൽകുകയും ദിവസവും നാല് ഷോകൾ വെച്ച് രണ്ടാഴ്ച ഹോൾഡോവർ ആവാതെ പ്രദർശിപ്പിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
ബി ഉണ്ണികൃഷ്ണന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും വേണ്ടുന്ന എല്ലാ സഹായവും നൽകുമെന്നും ആറാട്ടിന് തിയേറ്റർ ഉടമകളുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
കോമഡിക്ക് പ്രാധാന്യം നല്കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന് നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന് ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.