യുവതി ജീവിതം അവസാനിപ്പിച്ചത് ഓണ്‍ലൈന്‍ പണമിടപാടില്‍ വഞ്ചിക്കപ്പെട്ടതിനാലാണെന്ന് വിലയിരുത്തല്‍. നഗരത്തിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ചേലിയ മലയില്‍ വിജിഷ (31) 2021 ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍നിന്നു മാത്രം 88 ലക്ഷത്തിന്റെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഖ്യ ഇതില്‍ കൂടാന്‍ ഇടയുണ്ടെന്ന് അനുമാനിക്കുന്നു.
പാസ്ബുക്കുകള്‍ നശിപ്പിച്ചതായും കരുതുന്നു. ബി.എഡ് ബിരുദധാരിയായ വിജിഷയുടെ വിവാഹത്തിനു വാങ്ങി സൂക്ഷിച്ച 35 പവന് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും പണയംവെക്കുകയും ചെയ്തിട്ടുണ്ട്. വിജിഷയെ പണം ഇടപാടില്‍ പലരും ഉപയോഗപ്പെടുത്തിയതായും കരുതുന്നു. മരണം നടന്ന് രണ്ടു മാസമായിട്ടും പൂര്‍ണ വസ്തുത പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. മരണത്തിനു തൊട്ടുമുമ്ബ് വിജിഷയുടെ ഫോണിലേക്കു വന്ന കാളുകള്‍ ആയിരിക്കണം ആത്മഹത്യയിലേക്കു നയിച്ചതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
പതിവുപോലെ ഓഫിസിലേക്കു പുറപ്പെട്ട വിജിഷ പെട്ടെന്ന് തിരിച്ചുവന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ചേലിയയിലും പരിസരപ്രദേശങ്ങളിലും വിവിധ അനധികൃത ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടന്നുകൊണ്ടിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. വിജിഷയെപ്പോലെ ഒട്ടനവധി പേര് ഇതിന് ഇരയാകുന്നതായും വാര്‍ത്തയുണ്ട്.
മറ്റൊരു ദുരന്തംകൂടി ഉണ്ടാകാതിരിക്കാന്‍ ഇതുസംബന്ധിച്ച അന്വേഷണം ശക്തമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനു വേഗം കൂട്ടാന്‍ ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിരവധി പേര് ഇത്തരം പണമിടപാടില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. മാനക്കേടു കാരണം പലരും പുറത്തുപറയാതിരിക്കുകയാണ്.