കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പതിനേഴുകാരിയായ പെൺകുട്ടി ചാടി പോയത് ഓടുപൊളിച്ച്. 21 വയസ്സുകാരൻ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടതിന് പിന്നാലെ, ഇന്നലെ പതിനേഴുകാരി ഓടുപൊളിച്ച് പുറത്തുകടന്നത്. പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവ് ബാത്ത്റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടിപോയത്.
ഷൊർണൂരില്‍ വച്ച് പൊലീസ് യുവാവിനെ കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. ഫെബ്രുവരി ഒമ്പതിന് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാൾ കൊല്ലപ്പെട്ടതും ഇതേ വാർഡിലായിരുന്നു. പെണ്‍കുട്ടിക്കായി മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന പരിമിതി. നിലവില്‍ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ല.