റഷ്യയുടെ ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യുക്രെയിന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ അഞ്ചാം ദിവസവും യുക്രെയിനില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഷ്യന്‍ സേന കീവ് നഗരം പൂര്‍ണമായും വളഞ്ഞു. സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.
സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് അസാദ്ധ്യമാണെന്ന് കീവ് മേയര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാകാത്ത സ്ഥിതിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റഷ്യയ്‌ക്ക് 4300 സൈനികരെയും 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്‌ടമായതായി യുക്രെയിന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി
ഹന്ന മല്യാര്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ യുക്രെയിന് യുദ്ധവിമാനങ്ങളും ആയുധങ്ങളും നല്‍കും. റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ഫിഫ അറിയിച്ചു. അതേസമയം റഷ്യ-യുക്രെയിന്‍ ചര്‍ച്ച ഉടന്‍ ബെലാറൂസില്‍ നടക്കും