ഷെയ്ന്‍ വോണ്‍ തനിക്ക് അയച്ച അവസാന സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. വോണ്‍ മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പാണ് തനിക്ക് ഈ സന്ദേശം ലഭിച്ചത് എന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു. മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് വോണിനോട് ഞാന്‍ ഫോണില്‍ സംസാരിച്ചത്. മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടി.
പതിവായി എനിക്ക് സന്ദേശം അയക്കുന്നവരില്‍ ഒരാളാണ് വോണ്‍. ചര്‍ച്ച എന്ന എന്റെ ഇരട്ടപ്പേര് വിളിക്കുന്ന ഒരാളുമാണ് വോണ്‍. ക്രിക്കറ്റ് ലോകത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ആ പേര് അറിയുന്നത്, ഗില്‍ക്രിസ്റ്റ് പറയുന്നു. ഒരു ഇംഗ്ലീഷ് ആരാധകന്‍ എന്റെ പേര് എറിക് ഗില്‍ചര്‍ച്ച് എന്ന് തെറ്റായി ഉച്ഛരിച്ചിരുന്നു. ഇതിന്റെ പേരില്‍ കളിയാക്കിയാണ് വോണ്‍ എപ്പോഴും എന്നെ ചര്‍ച്ചി എന്ന് വിളിച്ചിരുന്നത്.
ചര്‍ച്ചി, റോഡ് മാര്‍ഷിന് ആദരാഞ്ജലി അര്‍പ്പിച്ച് എഴുതിയ കുറിപ്പ് നന്നായിരുന്നു. നന്നായി എഴുതി എന്ന സന്ദേശമാണ് വോണ്‍ മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് എനിക്ക് അയച്ചത്. കുട്ടിക്കാലത്തെ എന്റെ ഹീറോകളില്‍ ഒരാളാണ് റോഡ് മാര്‍ഷ് എന്ന് വോണിന് അറിയാം. അതിനാലാണ് വോണ്‍ എനിക്ക് ആ സന്ദേശം അയച്ചത്. വോണില്‍ നിന്ന് അവസാനമായി എനിക്ക് ലഭിച്ച സന്ദേശം അതാണ്.
അതൊരു ടെക്‌സ്റ്റ് മെസേജ് ആയിരുന്നു. ഞാന്‍ ഒരിക്കലും അത് ഡിലീറ്റ് ചെയ്യില്ല, ഗില്‍ക്രിസ്റ്റ് പറയുന്നു. സംവിധായകന്‍ സ്പീല്‍ബര്‍ഗിനെ പോലെ ഓരോ കാര്യങ്ങളും ഒരുക്കി അടക്കി വെക്കുന്നത് പോലെയയായിരുന്നു വോണ്‍. എന്റെ കരിയറിലേയും വ്യക്തി ജീവിതത്തിലേയും ഏറ്റവും വലിയ കാര്യം ഞങ്ങള്‍ തമ്മിലുള്ള കീപ്പര്‍-ബൗളര്‍ ബന്ധമാണ് എന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.