Breaking News

ജാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം : കുടുങ്ങിക്കിടക്കുന്നത് നാല്പ്പതിലധികം ആളുകള്‍…

റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ജാര്‍ഖണ്ഡില്‍ രണ്ട് മരണം. ദിയോഘര്‍ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുട് കുന്നിലുള്ള റോപ്പ് വേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പന്ത്രണ്ട് ക്യാബിനുകളിലായി അമ്പതോളം പേര്‍ ഇപ്പോഴും റോപ്പ് വേയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കുന്നുണ്ടെന്നും ഇവരെ രക്ഷപെടുത്താന്‍ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് (എന്‍ഡിആര്‍എഫ്) കഴിയുന്നില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടുമെന്നുമാണ്‌ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് റോപ്പ് വേയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച ദമ്പതികളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വെര്‍ട്ടിക്കല്‍ റോപ്പ് വേയാണ് ത്രികുടിലേത്. നാല് പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ 25 ക്യാബിനുകളോട് കൂടിയതാണ് റോപ്പ് വേ. അപകടം നടന്നയുടന്‍ തന്നെ റോപ്പ് വേ മാനേജരും മറ്റ് ജീവനക്കാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. അപകടവിവരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി സുഖ്ദിയോ സിങ്ങിനെയും അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഗോഡ്ഡ എംപി നിഷികാന്ത് ഡൂബെ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …