ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ കമാല്‍പുര ഗ്രാമത്തിലെ അഞ്ച് വയസുകാരന്‍ ജാഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. കുട്ടിയെ കൊലപ്പെടുത്തിയത് അമ്മായി അഞ്ജലിയാണെന്ന് പൊലീസ് അറിയിച്ചു. 11 ദിവസം മുമ്ബാണ് കൊലപാതകം നടന്നത്. ചോദ്യം ചെയ്യലില്‍ അഞ്ജലി കുറ്റം സമ്മതിച്ചെന്നും അവള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ അമ്മയില്‍ നിന്ന് പണം വാങ്ങിയ ശേഷം ജാഷിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതിന് ശേഷം, ആദ്യം സംശയിച്ചവരില്‍ ഒരാള്‍ ഒരു ബാബ ആയിരുന്നു. ഗ്രാമത്തില്‍ കറങ്ങിനടന്ന ഈ ബാബയുടെ ബാഗ് വളരെ വലുതായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ബാഗിന്റെ വലിപ്പവും ബാബയുടെ വേഗത്തിലുള്ള ചലനവും കണ്ട് എല്ലാവര്‍ക്കും സംശയം തോന്നി. ഇന്ദ്രി പൊലീസ് അന്നു വൈകുന്നേരം തന്നെ ബാബയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്‌തെങ്കിലും ഒന്നും ലഭിച്ചില്ല. അതിനിടെ, ബാബയില്‍ നിന്ന് സൂചന ലഭിക്കാത്തതിനാല്‍ കുടുംബം കര്‍ണാലില്‍ ദേശീയപാത ഉപരോധിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ
‘മൊഴികളിലെ വൈരുദ്ധ്യം കൊണ്ടാണ് അഞ്ജലിയെ സംശയിച്ചത്. കൊലപാതകത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൃത്യം നടത്തിയ ശേഷം ഇവര്‍ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു. അഞ്ജലിക്ക് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ചികിത്സിച്ചിരുന്ന ആശുപത്രികളില്‍ നിന്ന് മെഡികല്‍ റിപോര്‍ടും തേടിയിട്ടുണ്ട്. അഞ്ജലി ഗര്‍ഭിണിയാണെന്നും സംശയമുണ്ട്. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.
ജാഷിന്റെ ചെരുപ്പുകള്‍, ബാഗ്, ഷീറ്റ്, കേബിള്‍ വയര്‍ എന്നിവ കണ്ടെടുത്തു, കൂടാതെ കണ്ടെടുത്ത മരത്തിന്റെ ഒരു കഷണം അന്വേഷണത്തിനായി അയച്ചു, അതില്‍ രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിയാണ് ജാഷ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്ട് പറയുന്നു. കൊലപാതകത്തില്‍ ബന്ധത്തിലുള്ള മറ്റൊരു കുടുംബത്തിലുള്ളവരെ ജാഷിന്റെ വീട്ടുകാര്‍ സംശയിച്ചതിനാല്‍ അവരെയും ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും’.