എമര്‍ജന്‍സി ലാന്‍ഡിംഗിന് തൊട്ടുമുമ്ബ് ചെറുവിമാനത്തില്‍ നിന്ന് പുറത്ത് വീണ 23കാരനായ കോ – പൈലറ്റിന് ദാരുണാന്ത്യം. യു.എസിലെ നോര്‍ത്ത് കാരലീനയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വലത് വീല്‍ നഷ്ടമായതോടെ റാലി – ഡര്‍ഹം എയര്‍പോര്‍ട്ടിലെ
പുല്‍മേട്ടിലേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ഇരട്ട എന്‍ജിന്‍ സി.എ.എസ്.എ സി.എന്‍ – 212 ഏവിയോകാര്‍ വിമാനത്തിലെ കോ – പൈലറ്റായ ചാള്‍സ് ഹ്യൂ ക്രൂക്ക്‌സ് ആണ് മരിച്ചതെന്ന് യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ അറിയിച്ചു.
ഇദ്ദേഹത്തിന്റെ മൃതദേഹം വിമാനത്താവളത്തിന് തെക്ക് 48 കിലോമീറ്റര്‍ അകലെയുള്ള ഒരു വീടിന്റെ പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അതേ സമയം, വിമാനത്തിനുള്ളില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രൂക്ക്‌സ് മാത്രം എന്ത് കൊണ്ട് കോക്ക്‌പിറ്റിന് പുറത്തെത്തിയെന്ന് വ്യക്തമല്ല. ഇയാള്‍ മനഃപൂര്‍വം ചാടിയതാണോ അതോ വീണതാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ പാരഷൂട്ട് ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.