മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രവര്‍ത്തക സമിതിയും കോണ്‍ഗ്രസ് പുനസംഘടിപ്പിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക സ്ഥാനം നല്‍കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. ഹിന്ദി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ തലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമാകും എന്നാണ് എഐസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചുമതല രമേശ് ചെന്നിത്തലക്കാണ്.
ഇതിന് മുന്‍പ് പലപ്പോഴായി 20 ഓളം സംസ്ഥാനങ്ങളുടെ ചുമതല രമേശ് ചെന്നിത്തല നിര്‍വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിചയസമ്പന്നരുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ എഐസിസി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ എഐസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ ഉമ്മന്‍ചാണ്ടി.
പ്രിയങ്ക ഗാന്ധി, അജയ് മാക്കന്‍, അവിനാഷ് പാണ്ഡ, ജയറാം രമേഷ്, കെ സി വേണുഗോപാല്‍, ജിതേന്ദ്ര സിംഗ്, മുകുള്‍ വാസ്‌നിക്ക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, താരിഖ് അന്‍വര്‍ എന്നിവരാണ് ഉമ്മന്‍ചാണ്ടിയെ കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള മറ്റുള്ളവര്‍. കേരളത്തിലെ കെപിസിസിയെ ദീര്‍ഘകാലം നയിച്ച രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെ നേതാവാണ്.