രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. പുതിയ വില ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലും കുറവ് വന്നിരിക്കുന്നത്.
സംസ്ഥാനങ്ങളിലെ വിവിധ നികുതി നിരക്ക് പ്രകാരം കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 43 പൈസയും ഡീസല്‍ ലിറ്ററിന് 41 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.59 രൂപയില്‍നിന്ന് 105.16 രൂപയായി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 94.53 രൂപയില്‍ നിന്ന് 94.12 രൂപയായും കുറവ് വന്നു.
ആറ് മാസത്തിലേറെയായി വില നിരക്കില്‍ മാറ്റമില്ലാതെ പിടിച്ച് നിന്നതിന് ശേഷമാണ് ഇന്ധനവിലയില്‍ നേരിയ ഇടിവുണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ ഏഴിനായിരുന്നു അവസാനമായി ഇന്ധന വില കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയും കുറച്ചുകാലമായി സ്ഥിരത നിലനിര്‍ത്തുകയും ചെയ്തതിനാല്‍ ഇന്ധനവില കുറയും എന്ന് പ്രതീക്ഷിച്ചിരുന്നു.