തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് വാങ്ങാതെ വിമാന യാത്രയ്ക്കെത്തിയ ദമ്പതികളെ എയർലൈൻ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ ഉപേക്ഷിച്ചു പോയതായി പരാതി. ഇസ്രയേൽ തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
തെൽ അവീവിൽ നിന്ന് ബെൽജിയത്തിലെ ബ്രസല്‍സിലേക്ക് റയാൻ എയർ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു ദമ്പതികൾ എത്തിയത്. കുട്ടിക്ക് പ്രത്യേക ടിക്കറ്റ് ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കൊണ്ടുപോകണമെങ്കിൽ പ്രത്യേക ടിക്കറ്റ് ബുക്ക് ചെയ്യാൻ എയർലൈൻ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും ദമ്പതികൾ വഴങ്ങിയില്ല. ഇതിനെ തുടർന്ന് ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. ഒരു തരത്തിലും കുഞ്ഞിന് ടിക്കറ്റെടുക്കില്ലെന്ന് പറഞ്ഞ് ദമ്പതികൾ കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ കിടത്തി സുരക്ഷാ പരിശോധനയ്ക്കായി പുറപ്പെട്ടു. അൽപം വൈകിയാണ് ദമ്പതികൾ വിമാനത്താവളത്തിൽ എത്തിയത് എന്നതിനാൽ അവർ അടുത്ത നടപടികളിലേക്ക് പെട്ടന്ന് കടന്നു. ഇതോടെ എയർലൈൻ ജീവനക്കാർ ആശങ്കയിലായി.
ഇതാദ്യമായാണ് ഒരാൾ ഇങ്ങനെ പെരുമാറുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും റയാൻ എയർ ചെക്ക്-ഇൻ കൗണ്ടറിലെ ഒരു ജീവനക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എയർപോർട്ട് ജീവനക്കാർ ഉടൻ തന്നെ ദമ്പതികളെ തടയുകയും കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എയർലൈൻ ജീവനക്കാരുടെ അഭ്യർത്ഥന പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും പിന്നീട് സ്ഥലത്തെത്തി. തങ്ങൾ സ്ഥലത്തെത്തിയപ്പോൾ മാതാപിതാക്കൾ കുട്ടിയുടെ ഒപ്പമുണ്ടായിരുന്നുവെന്നും അതിനാൽ കൂടുതൽ അന്വേഷിക്കാൻ ഒന്നുമില്ലെന്നും ഇസ്രായേൽ പോലീസ് വക്താവ് സിഎൻഎന്നിനോട് പറഞ്ഞു.