Breaking News

“മണ്ടൻ എന്നു പറയട്ടേ ടീച്ചർ …. എന്നെ അങ്ങനെയാ കൂട്ടുകാർ വിളിക്കുന്നെ..”

A close up shot

അന്നൊരു ദിവസം കുട്ടികളുമായി സംവദിക്കാൻ എത്തിയതായിരുന്നു അവിടെ. ഇംഗ്ലീഷ് പരിപാടിയായതിനാൽ ഇംഗ്ലീഷിൽ കടുകുവറുക്കണമല്ലോ. എങ്ങിനയും കുട്ടികളെ കൊണ്ടും ഇംഗ്ലീഷ് പറയിപ്പിക്കണം.

ഞാൻ മിക്കപ്പോഴും ഉപയാഗിക്കുന്ന ഒരു നമ്പറുണ്ട് ( എല്ലാം നമ്പറുകളാണല്ലോ…!!) : self introduce ചെയ്യണം, അപ്പോ പേരിനൊപ്പം പേരിന്റെ ആദ്യക്ഷരത്തിൽ തുടങ്ങുന്ന ഒരു adjective കൂടി പറയണം . ഉദാഹരണമായി Sreeja, Simple Sreeja .

അങ്ങനെ കുട്ടികളും self intro തുടങ്ങി. പേരിന്റെ ആദ്യ അക്ഷരത്തിന് മാച്ച് ആവുന്ന ഒരു adjective കണ്ടുപിടിക്കൽ അത്ര എളുപ്പമല്ല എന്ന് കുട്ടികൾക്കും എനിക്കും ബോധ്യമായിത്തുടങ്ങി. വളരെ, വളരെ കുറച്ചു കുട്ടികൾ മാത്രമേ adjective ഉപയോഗിച്ചുള്ളൂ. ( English vocabularyയുടെ വലിയ ഒരു ശേഖരം തലച്ചോറിലെ മെമ്മറി കാർഡിൽ ഉണ്ടെങ്കിലേ പറ്റൂ, വേറെ short cut ഒന്നുമില്ല).

Adjectives കൂടിയും കൂടാതെയും ഒക്കെ സെൽഫ് ഇൻട്രോ അങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിറകിൽ നിന്നും രണ്ടാമത്തെ റോയിൽ വലത്തെ അറ്റത്തിരുന്ന ആളുടെ ഊഴം ആയത്. അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ചോദ്യം “any adjective?” അവനും വിട്ടില്ല, തിരിച്ച് എന്നോട് ഒരു ചോദ്യം, “എന്താ ടീച്ചറെ adjective എന്ന് പറഞ്ഞാൽ?” അവന്റെ കയ്യിൽ പിടിച്ച് കുനിഞ്ഞ് ചെവിയിൽ പറഞ്ഞു കൊടുത്തു.(മലയാളത്തിലാണേ പറഞ്ഞുകൊടുത്തത്) ഉടൻ വന്നു ബുള്ളറ്റ് പോലൊരു മറുപടി,

“മണ്ടൻ …….. എന്ന് പറയട്ടെ ടീച്ചർ, കൂട്ടുകാർ ഒക്കെ എന്നെ അങ്ങനെയാ വിളിക്കുന്നത്…” (…… ഇട്ട സ്ഥലത്ത് സ്വന്തം പേര് കൂടി പറഞ്ഞു). നിഷ്കളങ്കമായി നോട്ടം എന്റെ മുഖത്ത് തന്നെ പതിപ്പിച്ചുകൊണ്ടുള്ള അവന്റെ ആ ചോദ്യം!! “ഷൂട്ട് മി വിത്ത് ക്വസ്റ്റ്യൻസ്’” എന്നായിരുന്നു കുറച്ചുമുമ്പ് അതേ സെഷനിൽ ഞാൻ പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ ഈ ഷോട്ടിൽ ആ ബുള്ളറ്റേറ്റ് നെഞ്ച് പിളർന്നു പോയി, തലച്ചോറ് നിശ്ചലമായി പോയി.

അവൻ ധിക്കാരം പറയുക ആയിരുന്നില്ല, എന്നെ കളിയാക്കുകയും ആയിരുന്നില്ല. വളരെ നിഷ്കളങ്കമായ കണ്ണുകളോടെ ആണ് ആ ചോദ്യം വന്നത്!!!

മറ്റുള്ളവർക്ക്, തമാശയായി പരിഹാസ പേരുകൾ ഇട്ടു കൊടുക്കുമ്പോൾ (സ്നേഹവും വാത്സല്യവും ചേർത്തായാലും) അവ ആവർത്തിച്ചു വിളിച്ച് ഉറപ്പിക്കുമ്പോൾ, ആ വിളികൾ അതിനു പാത്രമാവുന്നവരുടെ ഹൃദയത്തിലും തലച്ചോറിലും വികാരങ്ങളിലും എത്രമാത്രം ആഴത്തിൽ പതിയുന്നുവെന്ന് വിളിക്കുന്നവർ അറിയുന്നുണ്ടോ?

Portrait of young schoolboy leaning at desk with teacher teaching in background

വിളിക്കുന്നവർക്ക് /പറയുന്നവർക്ക് വെറും തമാശ. “ഞാനൊരു തമാശ മട്ടിലാ വിളിച്ചത് / പറഞ്ഞത് ” “അത് അവനും /അവളും കാര്യമായി എടുത്തിട്ടേയില്ല”, “ഏയ്.. അതൊന്നും അവർക്ക് ഒരു പ്രശ്നമേ അല്ല”…… ഇതൊക്കെ വിളികൾ ഏറ്റെടുത്തിട്ടുള്ളവരുടെ നിസ്സാരവൽക്കരിക്കലുകളാണ്. പക്ഷേ ഹൃദയത്തിന് ഏൽക്കുന്ന മുറിവുകളും തലച്ചോറിന്റെ ഘടനയ്ക്ക്

തന്നെ ഉണ്ടാകുന്ന നെഗറ്റീവായ മാറ്റങ്ങളും അതുവഴി ഉണ്ടാകുന്ന അപകർഷതാബോധവും ഉണക്കുവാനും മാറ്റാനും മായിക്കുവാനും കഴിയാത്തവ ആണെന്ന് ഈ വിളിക്കാർ (കുട്ടികൾ ആവട്ടെ മുതിർന്നവർ ആകട്ടെ) ഓർക്കണം. കൂട്ടുകാരിൽ നിന്നും മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ഉള്ള വിളികൾ ആകുമ്പോൾ മുറിവിന്റെയും അപകർഷതകളുടെയും ആഴവും പരപ്പും കൂടും.

പൊക്കം കുറഞ്ഞ കുട്ടികളെ , വണ്ണം അല്പം കൂടിയവരെ, തീരെ മെലിഞ്ഞവരെ, അല്പം വികൃതി കൂടിയവരെ, മുടി ചുരുണ്ടിരുന്നാൽ, പല്ല് അല്പം പൊങ്ങിയിരുന്നാൽ, പെൺകുട്ടികളോട് അല്ലെങ്കിൽ ആൺകുട്ടികളോട് അല്പം കൂടുതൽ സംസാരിച്ചാൽ, ഒന്നും പഠിക്കാതെയിരുന്നാൽ, ഇനി നന്നായി പഠിച്ചാൽ ….

അങ്ങനെ ‘സാധാരണം’ എന്നു നമ്മൾ കരുതുന്നതിൽ നിന്നും ചെറിയ ഒരു മാറ്റം കാണുന്നവരെയൊക്കെ നമ്മൾ കുട്ടികളും രക്ഷിതാക്കളും എന്തിന് അധ്യാപകർ പോലും പരിഹാസപ്പേരിട്ട് വിളിക്കാനുള്ള പ്രവണത കാണിക്കുന്നു. നമ്മുടെ വാക്കുകളുടെ ശേഖരത്തിൽ ഇതിന്നും മാത്രം പരിഹാസപ്പേരുകളോ!! എന്നു തോന്നിപ്പോകും. ( പൊക്കം കൂടുന്നതോ, കുറയുന്നതോ അങ്ങനെയുള്ളയൊന്നും തന്നെ അസാധാരണമേയല്ല…)

പ്രിയപ്പെട്ട, (പരിഹാസ പേരും ശൈലികളും വിളിക്കാരായ) കുട്ടികളേ, രക്ഷിതാക്കളേ, (സഹ) അധ്യാപകരേ…. ദയവായി നിർത്തണം ഈ പരിഹാസ വിളികൾ. ഒരു ഹൃദയവും നമ്മൾ കാരണം മുറിയാതിരിക്കട്ടെ, ഒരു തലച്ചോറും നമ്മൾ കാരണം അപകർഷതയുടെ, നാണക്കേടിന്റെ ഭാരം താങ്ങാൻ ഇട വരാതിരിക്കട്ടെ…..

“അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം” . നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവർത്തികളും മറ്റുള്ളവർക്ക് നന്മ ആകണം, ഇനി അഥവാ നന്മ ഉണ്ടായില്ലെങ്കിൽ ദോഷമാകാതെയെങ്കിലുമിരിക്കണം. സുഖത്തിന് ആയിട്ടില്ലെങ്കിലും ദോഷം ചെയ്യാതിരിക്കാം. സ്നേഹത്തോടെ

തയ്യാറാക്കിയത് :

ശ്രീജ ദേവി എ  ( Teacher )

GKS Govt. V&HSS,

VELLANAD

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …