Breaking News

പ്രതിപക്ഷ ദൈവങ്ങളുടെ നാട്

അതെ മറ്റൊന്നും ചിന്തിക്കരുത്.ദേവൻമാർ പ്രതിപക്ഷവും ഭരണപക്ഷവും ഉണ്ടെന്നോ? അങ്ങനെയാവണം. എന്നാൽ എവിടെയാണ് ഈ പ്രതിപക്ഷ ദൈവങ്ങളുടെ നാട്?ആരൊക്കെയാണ് ഈ പ്രതിപക്ഷ ദൈവങ്ങൾ?അതെ, പ്രതിപക്ഷ ദൈവങ്ങൾ ചൈതന്യം ചൊരിയുന്ന ഒരു നാടിനെയും അവിടുത്തെ ജനങ്ങളെ കുറിച്ചും അറിയാം.

നമുക്ക് ഇതിഹാസങ്ങൾ രണ്ടാണ് രാമായണവും ,മഹാഭാരതവും. അതിലൊന്നായ മഹാഭാരതവും മഹാഭാരത യുദ്ധവും യുദ്ധത്തിൽ പങ്കെടുത്ത കൗരവ- പാണ്ഡവരെ കുറിച്ചും മറ്റുള്ള മഹാരഥൻമാരെകുറിച്ചും കേൾക്കാത്തവർ ചുരുക്കമായിരിക്കും. സാധാരണയായി ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുള്ളവർക്കു വേണ്ടി ആരാധനാകേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്.

എന്നാൽ ഈ പ്രതിപക്ഷ ദേവൻമാർക്കു വേണ്ടി ക്ഷേത്രങ്ങളും ഇതര ആരാധനാ കേന്ദ്രങ്ങളും നമ്മുടെ നാട്ടിൽ ഏറെയുണ്ട്. ഇന്ത്യയിൽ, ദക്ഷിണേന്ത്യയിൽ തന്നെ പതിപക്ഷ ദൈവങ്ങളെ ആരാധിക്കുന്ന ഒരു നാടുണ്ട്. മറ്റെക്കുമല്ല, കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരത്തുള്ള ശ്രീ ശകുനി ദേവ ക്ഷേത്രമാണത്.

കൊല്ലത്തു നിന്നും ഏകദേശം 24 കി.മീറ്റർ വടക്കും കൊട്ടാരക്കരയിൽ നിന്നും 12 കി.മീറ്റർ പടിഞ്ഞാറു മാറിയും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഭാരതത്തിൽ ആകെയുള്ള ഒരേയൊരു ശകുനി ക്ഷേത്രമാണ് പവിത്രേശ്വരത്തുള്ള ശ്രീ മലഞ്ചാവര് മലദേവ ശ്രീ ശകുനി ദേവക്ഷേത്രമെന്നാണ് പരക്കെയുള്ള വിശ്വാസം

മഹാഭാരതത്തിലെ ഏറ്റവും ദുഷ്ട കഥാപാത്രമാണ് ശകുനി .ശകുനിയുടെ പ്രമുഖമുയ മറ്റൊരു പേരാണ് സൗബലൻ. അതായത് ഗാന്ധാരദേശത്തിൻ്റെ രാജാവായിരുന്ന സുബലൻ്റെ പുത്രൻ എന്നർത്ഥത്തിലാണ് സൗബലൻ എന്ന പേര് ലഭിച്ചത്.സുബലസ്യ അപത്യം പുമാൻ സൗബല: എന്ന് വ്യുത്പത്തി അർത്ഥം.

കൂടാതെ സുബലപുത്രൻ, സുബൽരാജാ, സൗബലേയ എന്നീ നാമങ്ങളും, ഗാന്ധാര രാജകുടുംബത്തിൽ ഉൾപ്പെട്ട ആൾ എന്നർത്ഥത്തിൽ ഗാന്ധാരൻ, ഗന്ധർ നരേഷ്, ഗാന്ധാരരാജൻ. ഗന്ധാര പതിൽ തുടങ്ങിയ പേരുകളിലും പർവ്വതങ്ങളിൽ നിന്നുള്ളവൻ എന്നർത്ഥത്തിൽ പാർവ്വതീയ,ചൂതാട്ടക്കാരൻ എന്നർത്ഥത്തിൽ കിതവാ, എന്നും ശകുനിയെ വിശേഷിപ്പിക്കാറുണ്ട്.

പറക്കാൻ കഴിവുള്ളവൻ, കഴുകൻ, ദുഷ്ടൻ തുടങ്ങിയ അർത്ഥങ്ങളും ശകുനി എന്ന പദത്തിന് പറയുന്നു.ശക്നോതി ആത്മാനം ഉന്നേതും ഇതി ശകുനി എന്ന് വിഗ്രഹാർത്ഥം പറയാം. കുടില ബുദ്ധിക്കാരനായ ശകുനിയാണ് മഹാഭാരത യു ദ്ധത്തിൻ്റെ പ്രധാന കാരണക്കാരൻ.ശകുനിയുടെ കുടില തന്ത്രങ്ങളിൽ അകപ്പെട്ട് തകർന്നത് എത്രയോ കുടുംബങ്ങളാണ്. ലോകം കണ്ടതിൽ വച്ചേറ്റവും നാശനഷ്ടം വിതച്ച യുദ്ധമായിരുന്നു മഹാഭാരത യുദ്ധം.

ദുരാഗ്രഹങ്ങൾ മൂലം മനുഷ്യനിൽ ദുഷ്ട ചിന്തയും ദുഷ്പ്രവർത്തിയും ഉടലെടുക്കുന്നു. സ്വത്ത്വത്തെ നശിപ്പിച്ച് അവനെ സർവ്വനാശത്തിൻ എത്തിക്കുന്നു. വിദ്വേഷം മൂലം സംഘർഷവും തുടർന്ന് മഹായുദ്ധവും ഉണ്ടാകുന്നു. സർവ്വനാശത്തിലേക്ക് എത്തിച്ചേരുന്ന യുദ്ധത്തിൽ ആരും തന്നെ വിജയിക്കുന്നില്ല എന്ന പാഠം മഹാഭാരത യുദ്ധം നമുക്കു താക്കീതു തരുന്നു.

ധ്യായതോ വിഷയാൻ പുംസ:

സംഗസ്തേഷൂപജായതേ

സംഗാത്സംജായതേ കാമ:

കാമ: ക്രോധോപജായതേ

ക്രോധാത്ഭവതി സമ്മോഹ:

സമ്മോഹാത്സ്മൃതി ഭ്രംശ :

സ്മൃതി ഭ്രംശാത് ബുദ്ധിനാശ:

ബുദ്ധി നാശാത് പ്രണശ്യതി.

എന്ന് ശ്രിമത് ഭഗവത് ഗീതയിൽ പറയുന്നതുപോലെ ദുരാഗ്രഹങ്ങളാണ് മനുഷ്യനെ അധഃപതനത്തിലേക്ക് നയിക്കുന്നത്. പവിത്രേശ്വരത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വിശ്വാസം. നാടോടിക്കഥകൾ വിശ്വാസ പ്രമാണങ്ങളായി മാറുമ്പോൾ മലനട ക്ഷേത്രങ്ങളുടെ പിന്നിലും ഇത്തരത്തിൽ ധാരാളം കഥകളും ഉപകഥകജ് ഉണ്ട്.ഇത്തരത്തിൽ സമ്പുഷ്ടമാണ് നമ്മുടെ വിശ്വാസ കേന്ദ്രങ്ങൾ.

ഏകദേശം ചെറുതും വലുതുമായ നൂറുകണക്കിന് മലനട ക്ഷേത്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം കാണാൻ കഴിയുന്നുണ്ട്. വായ്മൊഴി വിശ്വാസത്തിൻ്റെ പേരിൽ ഇന്നും വിശ്വസിച്ചു പോരുന്നത് പുല്ലറക്കാൻ വന്ന അധഃകൃത വിഭാഗത്തിൽ പെട്ട

ഒരാൾ ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ച് കയ്യിലിരുന്ന കൊങ്കി അഥവാ അരിവാൾ അവിടെ കണ്ട ശിലയിൽ ഉരച്ച് മൂർച്ച വരുത്തുവാൻ ശ്രമിച്ചപ്പോൾ ശിലയിൽ നിന്നും രക്തം പൊടിയുകയും ആവിവരം അന്നത്തെ നാട്ടുപ്രമാണിയെ അറിയിക്കുകയും ചെയ്തുവത്രെ.

തുടർന്ന് പ്രശ്ന വിധിയാൽ ആ ശിലയെ പൂജിക്കുകയും ശകുനിയുടെ സാന്നിദ്ധ്യം ആ ശിലയിൽ ഉണ്ടെന്ന് ദൈവജ്ഞരാൽഗണിക്കപ്പെടുകയും ചെയ്തു.തുടർന്ന് ശിലയെ പൂജിക്കുവാനും പൂജയുടെ അവകാശം കുറവ സമുദായത്തിന് ലഭിക്കുകയും ചെയ്തു. ആ അവകാശമാണ് ഇന്നും

ഒട്ടുമിക്ക മലനട ക്ഷേത്രങ്ങളുടെയും പൂജാദി കാര്യങ്ങളിൽ ഇതര സമുദായക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലാന്തരത്തിൽ അവകാശങ്ങളും അധികാരങ്ങളും പൊതുഭരണത്തിൻ കീഴിൽ ആവുകയും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പൂജകൾക്കും മാറ്റം വരുകയും ചെയ്തു.

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു കരിങ്കല്ലാണ് ശ്രീശകുനി ദേവൻ്റെ മൂലരൂപമായി അഥവാ പ്രതിരൂപമായി കരുതി ആരാധിച്ചു പോരുന്നത്.ഈ ശില ശകുനിയുടെ ഇരിപ്പിടമായിരുന്നുവെന്നും ഇതിൽ ഉപവിഷ്ടനായി മഹാദേവനെ ഉപാസിച്ചു സംപ്രീതനാക്കി അനുഗ്രഹം വാങ്ങിയെന്നും ഒരു നാടോടിക്കഥ പ്രചാരത്തിലുണ്ട്.ഇവിടെ വച്ച് കൗരവർ തങ്ങളുടെ ആയുധങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു എന്നുള്ള മറ്റൊരു വിശ്വാസവും നിലവിലുണ്ട്.
ശരം പകുത്ത സ്ഥലമായതുകൊണ്ട് – പകുത്തേശരം – ലോപിച്ച് കാലാന്തരത്തിൽ പവിത്രേശ്വരം എന്ന സ്ഥലനാമം ലഭിച്ചുവെന്നും പറഞ്ഞു വരുന്നു. കൗരവരുടെ പിൻഗാമികളാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്.ഇവരാകട്ടെ ശകുനിയുടെ നിശ്ചയദാർഡ്യം, സ്ഥിരോത്സാഹം, ലക്ഷ്യം നേടുന്നതിനുള്ള അഭിനിവേശം തുടങ്ങിയവയെ ആരാധിക്കുന്നു.
ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഗന്ധർ എന്ന സ്ഥലത്തെ രാജാവായിരുന്നു ശകുനി .ഹസ്തിനപുരിയിലെ കാഴ്ചവൈകല്യമുള്ള രാജകുമാരനായ ധൃതരാഷ്ട്രരിൽ നിന്ന് തൻ്റെ സഹോദരി ഗാന്ധാരിയ്ക്കു വന്ന വിവാഹാലോചന അദേഹം അംഗീകരിച്ചില്ല. അതൊരു അനുഗ്രഹമായി സ്വീകരിക്കുവാനുള്ള ഗാന്ധാരിയുടെ തീരുമാനം ശകുനിയെ പ്രകോപിപ്പിച്ചു.
കൂടാതെ അന്ധനായ ധ്യതരാഷ്ട്രരോട് പാതിവൃത്യധർമ്മം അനുഷ്ടിക്കന്നതിനായി ഗാന്ധാരി സ്വയം കണ്ണുകൾ മൂടിക്കെട്ടിക്കൊണ്ട് സ്വയം അന്ധത സ്വീകരിച്ചതും ശകുനിയുടെ രോഷത്തെ കൂടുതൽ ജ്വലിപ്പിച്ചു.തുടർന്ന് തൻ്റെ സഹോദരിയെ നന്നായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഹസ്തിനപുരിയിലേക്ക് താമസം മാറ്റുകയും ചെയ്തു.
 
തൻ്റെ സഹോദരിയോടു ചെയ്ത അനീതിയെ തുലനം ചെയ്യാൻ ശകുനി തൻ്റെ അനന്തിരവൻ ദുര്യോധനനെ ഹസ്തിനപുരിയിലെ രാജാവാക്കണമെന്ന് ആഗ്രഹിച്ചു. അവർ ശരിയായ അവകാശിയല്ല എന്ന വസ്തുത അറിഞ്ഞിട്ടും സിംഹാസനം ഉറപ്പിക്കാൻ ദുര്യോധനന് അത്ര എളുപ്പമാകില്ല എന്നു മനസ്സിലാക്കിയ ശകുനി പാണ്ഡവർക്കെതിരെ ദുര്യോധനാദികളെ പ്രേരിപ്പിച്ചു.
പതുക്കെ ദുര്യോധനന്പാണ്ഡവരോടുള്ള അനിഷ്ടം വെറുപ്പിൻ്റെ രൂപമാവുകയും പതുക്കെ അത് പ്രതികാരദാഹമായി മാറുകയും അവസാനം കുരുക്ഷേത്രയുദ്ധമായി കലാശിക്കുകയും ചെയ്തു തൻ്റെ വക്രബുദ്ധി കൊണ്ട് സൃഷ്ടിക്കപ്പെട്ട മഹാഭാരത യുദ്ധത്തിൻ്റെ കാരണക്കാരനായ ശകുനിയെ കുരുക്ഷേത്രയുദ്ധസമയത്ത് പാണ്ഡവരിലെ ഇളയ സഹോദരനായ സഹദേവൻവധിക്കുകയാണുണ്ടായത്.
അധർമ്മ പക്ഷസ്ഥായിയും കുടില തന്ത്രജ്ഞനും ആയിരുന്ന ശകുനി തികച്ചും ഒരു ശിവഭക്തനായിരുന്നു.മഹാദേവൻ്റെ അനുഗ്രഹാശീർവാദത്തോടെയാണ് പവിത്രേശ്വരത്ത് അദ്ദേഹം കുടികൊള്ളുന്നത്. ശ്രീ ശകുനി തദ്ദേശവാസികളുടെ ഇഷ്ടദേവനാണ്. ജാതി, മത, വർഗ്ഗ ഭേദമില്ലാതെ ദൂരദേശങ്ങളിൽ നിന്നു പോലും എത്തുന്ന ഭക്തർ മലനട അപ്പൂപ്പൻ എന്നും ശ്രീ ശകുനിദേവൻ എന്നും മലദേവൻ എന്നും സ്തുതിക്കുകയും ചെയ്യുന്നു.
ഭക്തർക്ക് അനുഗ്രഹങ്ങളും മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് വഴികാട്ടിയായും അധിവസിക്കുന്ന ശ്രീ ശകുനിദേവൻ ഏവർക്കും ആയുരാരോഗ്യ സൗഖ്യം നൽകി പവിത്രേശ്വരം മലനടയിൽ വിരാജിക്കുന്നു. ഇവിടെ ക്ഷേത്ര ശ്രീകോവിലില്ലാ എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇതര ക്ഷേത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമാണ് ഇവിടുത്തെ ആചാരങ്ങൾ.
കവളകർമ്മങ്ങൾക്ക് പ്രാധാന്യം നൽകുന്ന ക്ഷേത്രത്തിലെ പൂജകൾക്ക് വളരെ വ്യത്യാസമാണ് നമുക്കു കാണാൻ കഴിയുന്നത്. പൂജകൾക്ക് ശ്രീ ശകുനി ദേവന്പാലും, പഴവും; മൂർത്തിക്ക് കോഴി, മദ്യം, പട്ട്, തുടങ്ങിയവയും നേർച്ചയായി ഭക്തർ സമർപ്പിക്കുന്നു. മകരമാസം 28നാണ് ഉത്സവം അത് ഉച്ചാര മഹോത്സവമായി കൊണ്ടാടുന്നു.
ആയിരങ്ങൾ പങ്കെടുക്കുന്ന കെട്ടുത്സവം കാണാൻ ദൂരെദേശത്തു നിന്നു പോലും ഇവിടെ എത്താറുണ്ട്. പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഉത്സവം ക്ഷേത്രഭരണനിർവ്വഹണം ചിട്ടയായി നടത്തിക്കൊണ്ടു പോകുവാൻ ശക്തമായ ഒരു ക്ഷേത്ര ഭരണ സമിതി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
തയ്യാറാക്കിയത്:
സുരേഷ് കളീലഴികം

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …