തിരുവനന്തപുരം: ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ നിരക്ക് മാർച്ച് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഉത്തരവിറക്കുകയായിരുന്നു. പുതിയ നിരക്കിൽ, ഒരു കുടുംബം വിവിധ സ്ലാബുകളിലായി ശരാശരി 250 മുതൽ 400 രൂപ വരെ അധികം നൽകേണ്ടിവരും.