സാന്‍റിയാഗോ: ചിലിയെ ഭീതിയിലാഴ്ത്തി കാട്ടുതീ പടരുന്നു. തീപിടുത്തത്തിൽ ഇതുവരെ 24 പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാട്ടുതീയിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റു. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ കാട്ടുതീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. രാജ്യം കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
വനമേഖലകളിലും കൃഷിയിടങ്ങളിലുമാണ് കാട്ടുതീ പടരുന്നത്. കാട്ടുതീ എത്രയും വേഗം അണയ്ക്കാൻ അന്താരാഷ്ട്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. തീ അണയ്ക്കാൻ കൂടുതൽ വിമാനങ്ങളും അഗ്നിശമനാ വിദഗ്ധരും രാജ്യത്ത് എത്തുന്നുണ്ട്. പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി. ഈ പ്രതിസന്ധിയെ രാജ്യം ഒറ്റക്കെട്ടായി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
2,70,000 ഹെക്ടർ പ്രദേശത്തെ ഇതിനകം തീ വിഴുങ്ങി. കാട്ടുതീ അണയ്ക്കുന്നതിനുള്ള പ്രധാന വെല്ലുവിളികളിലൊന്ന് തുടരുന്ന ഉഷ്ണ തരംഗമാണ്. കാട്ടുതീ ബാധിക പ്രദേശങ്ങളില്‍ പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പൊള്ളലേറ്റ 970 പേരിൽ 26 പേരുടെ നില ഗുരുതരമാണ്. 1,500 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതിനാൽ കൂടുതൽ അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് രാജ്യം.