തിരുവനന്തപുരം: കണ്ണൻ എന്ന മാധവ് വിവേകിന് പ്രായം ഒന്നര വയസ്സ്. എന്നാൽ കുഞ്ഞു പ്രായത്തിൽതന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് പിച്ചവെച്ച് വീടിന്റെയും, നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
ചിറയിൻകീഴ് ശാർക്കര
പവിത്രത്തിൽ അധ്യാപകരായ വിവേകിന്റെയും, ശ്രീരമയുടെയും മകനായ ഒരു വയസ്സും ആറ് മാസവും പ്രായമുള്ള മാധവ് ആഘോഷങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, പൂക്കൾ, എന്നിവ ഉൾപ്പെടെ 201 വസ്തുക്കൾ തിരിച്ചറിഞ്ഞാണ് തന്റെ പേരിനൊപ്പം റെക്കോർഡ് ചേർത്തത്.
ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ തന്നെ കുട്ടി പുസ്തകങ്ങൾ, ചിത്രങ്ങൾ എന്നിവയോട് താല്പര്യം പ്രകടിപ്പിക്കുന്നത് കണ്ട് അമ്മ ശ്രീരമ കുട്ടിക്ക് കൂടുതൽ പരിശീലനം നൽകി തുടങ്ങി. എന്നാൽ തന്റെ മകൻ ഇന്ത്യൻ റെക്കോർഡ് നേടുമെന്ന് അവർ കരുതിയതേയില്ല. ഒരുതവണ കേട്ട പാട്ട് വീണ്ടും കേട്ടാൽ അതിനൊപ്പം പാടാനും, മൃദംഗ താളത്തിൽ തട്ടാനും മകന് കഴിയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ മകന്റെ വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് അയക്കുകയായിരുന്നു. മാധവിന്റെ പിതാവ് വിവേക് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. അമ്മ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു.