കൊച്ചി: ചികിത്സയ്ക്കിടെ സംഭവിക്കുന്ന എല്ലാ മരണങ്ങളും ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥ മൂലമാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. അതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം. ദൗർഭാഗ്യകരമായ കാരണങ്ങളാൽ കാര്യങ്ങൾ തെറ്റായ രീതിക്ക് നീങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഉത്തരവാദികളല്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു.
പതിവിൽ നിന്ന് അൽപം വ്യത്യസ്തമായ ഒരു ചികിത്സ സ്വീകരിക്കുന്നത് അശ്രദ്ധയായി കാണാൻ കഴിയില്ല. ചികിത്സാ വേളയിലെ കണക്കുകൂട്ടലുകളിലെ പിശകോ അല്ലെങ്കിൽ അപകടമോ ചികിത്സാ പിഴവായി കാണാൻ കഴിയില്ല. ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ കുറ്റക്കാരനെന്ന് കണ്ടെത്താനാകൂവെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.
വന്ധ്യംകരണത്തിനായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച കേസിൽ വിചാരണക്കോടതി തടവിന് ശിക്ഷിച്ചതിനെതിരെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്.