ന്യൂഡല്‍ഹി: കുഫോസ് വിസി നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് വൈകും. അടുത്തയാഴ്ച തുടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേട്ട ശേഷമേ ഹർജികൾ പരിഗണിക്കാൻ സാധ്യതയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും പുറത്താക്കപ്പെട്ട വി സി കെ. റിജി ജോണും സമർപ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയായിരുന്നു ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മറ്റ് കേസുകളിൽ വാദം കേൾക്കുന്നത് നീണ്ടുപോയതിനാല്‍ ഈ ഹർജികൾ പരിഗണനയ്ക്ക് എടുത്തില്ല.
വെള്ളിയാഴ്ചത്തെ നടപടികൾ അവസാനിപ്പിച്ച് ബെഞ്ച് പിരിയുന്നതിനു തൊട്ടുമുമ്പ്, ഈ ഹർജികൾ ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേട്ട ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അടുത്ത രണ്ടാഴ്ച ഹർജികൾ പരിഗണിക്കും. അതിനുശേഷം ഹോളി അവധിക്കായി കോടതി അടച്ചിടും. ഹോളി അവധിക്ക് ശേഷം മാർച്ച് രണ്ടാം വാരം കോടതി വീണ്ടും തുറക്കും. മാർച്ച് പകുതിക്ക് മുമ്പ് സുപ്രീം കോടതി ഈ ഹർജികൾ പരിഗണിക്കാനുള്ള സാധ്യതയില്ല.