തിരുവനന്തപുരം: പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷ എസ്.എഫ്.ഐ പ്രവർത്തകർ കോപ്പിയടിച്ച് വിജയിച്ച കേസിൽ നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ പോലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ലക്ഷക്കണക്കിനു ഉദ്യോഗാർത്ഥികളുടെ വിശ്വാസമായ പി.എസ്.സി പരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്ത അട്ടിമറിയായിരുന്നു കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ ഹൈടെക് കോപ്പിയടിയിലൂടെയാണ് കോൺസ്റ്റബിൾ റാങ്കിൽ ഒന്നാം റാങ്കുകാരായത്. ഒരു പോലീസുകാരനും മുൻ എസ്.എഫ്.ഐ പ്രവർത്തകരുമാണ് തട്ടിപ്പിനു ഇവരെ സഹായിച്ചത്.
പോലീസുകാരനായ ഗോകുൽ, മറ്റ് രണ്ട് സുഹൃത്തുക്കളായ സഫീർ, പ്രവീൺ എന്നിവർക്കൊപ്പം പരീക്ഷാ ഹാളിൽ നിന്ന് ചോർന്ന ചോദ്യപേപ്പർ പരിശോധിക്കുകയും പരീക്ഷ എഴുതിയ മൂന്ന് പേർക്ക് സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഉത്തരം നൽകുകയും ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പ് നടന്നത് 2018 ഓഗസ്റ്റ് എട്ടിനാണ്. റാങ്ക് ലിസ്റ്റിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പ്രതികൾ പോലീസ് കസ്റ്റഡിയിലിരിക്കെ അതേ ചോദ്യപേപ്പർ നൽകി പരീക്ഷ നടത്തിയതിൽ പ്രതികൾക്ക് അഞ്ച് മാർക്ക് പോലും നേടാനായില്ല.