തൃശ്ശൂർ: തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പാണഞ്ചേരി ജോയ് കീഴടങ്ങി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ജോയ് കീഴടങ്ങിയത്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ഇൻഡസ്ട്രി ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ എൺപതോളം പേരാണ് പരാതി നൽകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. 10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം എന്നിങ്ങനെ വൻ തുകകൾ ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 15% പലിശ നൽകാമെന്ന് ബാങ്ക് വാഗ്ദാനം ചെയ്തതായി നിക്ഷേപകർ പറഞ്ഞു. പലരും ആറ് മാസത്തേക്ക് നിക്ഷേപം നടത്തിയിട്ടുള്ളവരാണ്.
സ്ഥാപനത്തിൽ പണം നിക്ഷേപിച്ച 300 ലധികം പേരെയാണ് ഇയാൾ വഞ്ചിച്ചത്. 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ദമ്പതികൾ ഒളിച്ചോടിയെന്നാണ് പരാതി. ഒരു ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ആളുകൾക്ക് ലഭിക്കാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ നിരവധി പരാതിയാണ് എത്തിയിട്ടുള്ളത്. നിക്ഷേപകർ കൂട്ട പരാതിയുമായി രംഗത്തെത്തിയതോടെ ജോയിയും കുടുംബവും ഒളിവിൽ പോയി. ജോയിയും ഭാര്യ റാണിയുമാണ് കേസിലെ പ്രതികൾ. അനധികൃതമായി നിക്ഷേപം സ്വീകരിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.