മുംബൈ: സെൽഫി എടുക്കാൻ സഹകരിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണം. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും കാറിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്രമികൾ കാറിന്‍റെ ചില്ലുകൾ തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടെന്നും പൃഥ്വി ഷായുടെ സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ എന്നിവരാണ് താരത്തെ ആദ്യം ആക്രമിച്ചത്. മുംബൈയിലെ ഓഷിവാരയിലെ ആഡംബര ഹോട്ടലിൽ വെച്ചാണ് തർക്കം ആരംഭിച്ചത്.
സെൽഫി ആവശ്യപ്പെട്ട് രണ്ട് ആരാധകർ താരത്തെ സമീപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സെൽഫിയെടുത്ത് ആരാധകർ മടങ്ങാതായത്തോടെ പൃഥ്വി ഷാ സുഹൃത്തിനെയും ഹോട്ടൽ മാനേജരെയും വിളിച്ചു. തുടർന്ന് ആരാധകരെ ഹോട്ടലിൽ നിന്ന് പുറത്താക്കി. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ പൃഥ്വി ഷായെ ബേസ്ബോൾ ബാറ്റുമായി കാത്തുനിന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറിൽ രക്ഷപെട്ടപ്പോൾ ഇവരെ പിന്തുടർന്ന അക്രമികൾ ട്രാഫിക് സിഗ്നലിൽ വച്ച് കാറിന്‍റെ ചില്ലുകൾ തകർത്തുവെന്നാണ് പരാതി.