ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിന് ഡിമെൻഷ്യ. ‘ഡൈ ഹാർഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തെ, തലച്ചോറിന്റെ മുൻവശത്തെയും വലതുവശത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപോറൽ ഡിമെൻഷ്യയാണ് ബാധിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വില്ലിസ് കഴിഞ്ഞവര്‍ഷം അഭിനയത്തിൽ നിന്ന് വിട പറഞ്ഞിരുന്നു.
60 വയസ്സിന് താഴെയുള്ളവരിൽ കാണപ്പെടുന്ന രോഗമാണ് വില്ലിസിന് ബാധിച്ചത്. ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗമാണിത്. ഭാവിയിൽ മാറ്റം വന്നേക്കാം. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി എന്നും വില്ലിസിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
1980 ൽ ‘ദി ഫസ്റ്റ് ഡെഡ്ലി സിന്’ എന്ന ചിത്രത്തിലൂടെയാണ് വില്ലിസ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബ്ലൈൻഡ് ഡേറ്റ്, ഡൈ ഹാർഡ്, ഡൈ ഹാർഡ് 2, ദി സിക്സ്ത് സെൻസ്, പൾപ്പ് ഫിക്ഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട വില്ലിസ് മൂൺലൈറ്റ് എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിനു മികച്ച നടനുള്ള അവാർഡ് നേടി. മൂന്ന് എമ്മി അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.