രാഷ്ട്രീയ പാര്‍ട്ടി പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍താരം രജനീ കാന്ത്. ചൈന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന്
പിന്നാലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനവുമായി താരം എത്തിയത്. തനിക്ക് മുഖ്യമന്ത്രിയാവേണ്ടെന്നും നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ മനസ്സിലാണ് മാറ്റം ഉണ്ടാകേണ്ടത്. പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. രാഷ്ട്രീയ വ്യവസ്ഥിതി നന്നാകാതെ പുതിയ പാര്‍ട്ടികള്‍ വന്നത് കൊണ്ട് കാര്യമില്ല.
ദീര്‍ഘനാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ക്കും പേരിനുമായി താന്‍ രാഷ്ട്രീയത്തിലേക്ക് വരില്ല. തനിക്ക് അതിന്‍റെ ആവശ്യവുമില്ല.
ഇത്രയും കാലം കൊണ്ട് നേടിയ സല്‍പ്പേരുകൊണ്ട് ജനങ്ങള്‍ എന്നില്‍ ഒരു വിശ്വാസ്യതയുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് തന്നെയാണ് എന്‍റെ ശക്തിയും.
ഒരു സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. ഒരു പാര്‍ട്ടിയെ നയിക്കാനാണ് എനിക്ക് താല്‍പര്യമെന്നും
അദ്ദേഹം പറഞ്ഞു. രജനീമക്കള്‍ മണ്ഡ്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരും രാവിലെ എട്ടുമണിയോടെ ആരംഭിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.