കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കുവൈത്ത് വീസ ആപ്പ് പുറത്തിറക്കി. മനുഷ്യക്കടത്ത്, വീസ വ്യാപാരം എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കും. കുവൈത്തിലേക്ക് വിമാനം കയറുന്നതിന് മുമ്പ് തൊഴിലാളിയുടെയും സന്ദർശകന്റെയും നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ യാത്രാനുമതി നൽകൂ.
വ്യാജ രേഖ ചമച്ച് വീസ നേടുന്നതും പിടികിട്ടാപ്പുള്ളികളും പകർച്ചവ്യാധി രോഗമുള്ളവരും രാജ്യത്ത് എത്തുന്നത് ഇതുവഴി തടയാം. വിവിധ വിമാനക്കമ്പനികളുമായും എംബസിയുമായും സഹകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ വീസ കുവൈത്ത് ആപ്പ് പ്രവർത്തിക്കുന്നത്. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാൽ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.