ഭിവാനി: ഹരിയാനയിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭം അലസിയത് രാജസ്ഥാൻ പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിലെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭമാണ് അലസിയത്. വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ മർദ്ദനമാണ് ഇതിനു കാരണമെന്നാണ് പരാതി.
ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന മോനു മനേസറിന്‍റെ സംഘത്തിൽപ്പെട്ട ശ്രീകാന്ത് പണ്ഡിറ്റിന്‍റെ കുടുംബമാണ് പരാതി നൽകിയത്. ഗർഭിണിയായ മരുമകൾക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം രാജസ്ഥാൻ പോലീസ് നടത്തിയ റെയ്ഡാണെന്നും തന്നെ മർദ്ദിച്ചുവെന്നും ശ്രീകാന്തിന്‍റെ അമ്മ ദുലാരി ദേവി ഹരിയാന പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മറ്റ് രണ്ട് മക്കളെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.