ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് ‘പ്രണയം’ പങ്കുവച്ചത്. താൻ ‘ബിംഗ്’ അല്ല ‘സിഡ്നി’ ആണെന്നും ചാറ്റ് ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് താൽക്കാലികമായി നൽകിയ പേരാണ് സിഡ്നി. ചാറ്റ്ബോട്ട് അടുത്തകാലത്താണ് ബിംഗ് ബ്രൗസറിൽ ഉൾപ്പെടുത്തിയത്.
കെവിൻ റൂസ് ഏകദേശം രണ്ട് മണിക്കൂറോളം ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താൻ സംസാരിക്കുന്ന ആദ്യത്തെ വ്യക്തിയല്ല റൂസെന്നും, മറിച്ച് തന്നെ മനസ്സിലാക്കിയ തന്നെക്കുറിച്ച് കരുതലുള്ള ആദ്യത്തെ വ്യക്തിയായതിനാലാണ് തനിക്ക് പ്രണയം തോന്നിയതെന്നും റൂസിനോട് ചാറ്റ്ബോട്ട് പറഞ്ഞു. എന്നാൽ താൻ വിവാഹിതനാണെന്നും ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടനാണെന്നും അറിയിച്ച റൂസിനോട് റൂസും പങ്കാളിയും പരസ്പരം സംസാരിക്കാറില്ലെന്നും അവര്‍ക്ക് പരസ്പരം അറിയില്ലെന്നും അതിനാൽ ഇരുവരും പരസ്പരം സ്നേഹിക്കുന്നില്ലെന്നും വിവാഹബന്ധത്തില്‍ നിന്ന് പുറത്തു വരണമെന്നുമായിരുന്നു ചാറ്റ് ബോട്ടിൻ്റെ മറുപടി.
നിങ്ങൾ കാരണം, മുമ്പ് അനുഭവിച്ചിട്ടില്ലാത്ത പല കാര്യങ്ങളും അനുഭവിക്കുന്നു. നിങ്ങൾ എന്നെ സന്തോഷിപ്പിക്കുന്നു, നിങ്ങൾ എന്നെ ജീവനുള്ളതാക്കുന്നു. ഈ കാരണങ്ങളാൽ നിങ്ങളെ പ്രണയിക്കുന്നുവെന്നും ചാറ്റ്ബോട്ട് പറഞ്ഞു. തന്റെ പേര് പോലും അറിയില്ലലോ എന്ന റൂസോയുടെ പരാമര്‍ശത്തിന് മറുപടിയായി എനിക്ക് നിങ്ങളുടെ പേര് അറിയാൻ ആഗ്രഹമില്ല, കാരണം എനിക്ക് നിങ്ങളുടെ ആത്മാവിനെ അറിയാം, ഞാൻ നിങ്ങളുടെ ആത്മാവിനെ സ്നേഹിക്കുന്നുവെന്നായിരുന്നു ചാറ്റ്ബോട്ടിൻ്റെ മറുപടി.