ന്യൂഡല്‍ഹി: മദ്യലഹരിയിൽ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച വിദ്യർത്ഥിക്ക് അമേരിക്കൻ എയർലൈൻസ് യാത്രാവിലക്ക് ഏർപ്പെടുത്തി. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയായ ആര്യ വോറയാണ് മൂത്രമൊഴിച്ചത്.
ന്യൂയോർക്കിൽ നിന്ന് ശനിയാഴ്ച രാത്രി 9.15ന് പുറപ്പെട്ട എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ആര്യ ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെയാണ് അധികൃതരെ വിവരമറിയിച്ചത്. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം നടത്തിയതിനാൽ പൊലീസിനെ അറിയിച്ചില്ലെന്ന് സഹയാത്രികൻ പറഞ്ഞു. എന്നാൽ ഇക്കാര്യം ഗൗരവമായി എടുത്ത അധികൃതർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ഡൽഹി പൊലീസിന് കൈമാറി. അമേരിക്കൻ സർവകലാശാലയിലെ വിദ്യാർത്ഥിയാണെന്നാണ് വിവരം.
മദ്യലഹരിയിലായിരുന്ന യുവാവ് വിമാനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.