ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാടെത്തിക്കാനാണ് നീക്കം. മാർച്ച് 15ന് മുമ്പ് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
കോടനാട് നിലവിൽ കൂടുണ്ടെങ്കിലും ദുർബലമാണെന്ന് കണ്ടതിനെ തുടർന്നാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇക്കാരണത്താലാണ് ആനയെ പിടികൂടാനുള്ള ദൗത്യം അൽപം വൈകുന്നത്. വയനാട്ടിൽ നിന്നുള്ള സംഘമാണ് കൂടുണ്ടാക്കാൻ യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ നിർദേശം നൽകിയത്.
മുറിച്ച മരങ്ങൾ കോടനാടെത്തിച്ചാൽ മൂന്ന് ദിവസത്തിനകം കൂട് നിർമാണം പൂർത്തിയാകും. മാർച്ച് 10 നകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. അതിനുശേഷം ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തും. മാർച്ച് 15നകം അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.