ലോസ് ഏഞ്ചൽസ്: വിമാനയാത്രക്കിടെ യാത്രക്കാരന്റെ അതിക്രമം. വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയും ക്യാബിൻ ക്രൂ അംഗത്തെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മസാച്യുസെറ്റ്സിലെ ലിയോമിൻസ്റ്റർ സ്വദേശിയായ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്രാൻസിസ്കോ സെവേറോ ടോറസ് (33) ആണ് അറസ്റ്റിലായത്. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ടോറസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ യുഎസ് ജില്ലാ കോടതി മജിസ്ട്രേറ്റ് ജഡ്ജി ഡെയ്നിന് മുമ്പാകെ ഹാജരാക്കി. വിചാരണ മാർച്ച് 9ന് ആരംഭിക്കും. ലാൻഡിംഗിന് 45 മിനിറ്റ് മുമ്പ് വിമാനത്തിന്റെ ഒരു വശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതായി ജീവനക്കാർക്ക് കോക്പിറ്റിൽ അലാറം ലഭിച്ചു. പരിശോധനയിൽ എമർജൻസി ഡോറിന്റെ ലോക്കിംഗ് ഹാൻഡിൽ നീക്കം ചെയ്തതായും എമർജൻസി സ്ലൈഡ് ലിവറിന്റെ സ്ഥാനം മാറിയതായും കണ്ടെത്തി. ക്യാപ്റ്റനോടും ഫ്ലൈറ്റ് ക്രൂവിനോടും വാതിലിനടുത്തുള്ള ടോറസ് ആണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് അറ്റൻഡൻ്റ് റിപ്പോർട്ട് ചെയ്തു.
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് താനാണെന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിമാനം എത്രയും വേഗം ലാൻഡ് ചെയ്യണമെന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് ക്യാപ്റ്റനെ അറിയിച്ചു. താമസിയാതെ, ടോറസ് തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് സ്റ്റാർബോർഡ് സൈഡിലെ സൈഡ് ഡോറിനടുത്തെത്തി. വാക്കുതർക്കത്തിനിടെ ടോറസ് വിമാനത്തിലെ ക്രൂ അംഗങ്ങളിൽ ഒരാളെ പൊട്ടിയ മെറ്റൽ സ്പൂൺ ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി.