Breaking News

വി സി പുനർനിയമനം എല്ലാം മുഖ്യമന്ത്രിയുടെ സമ്മർദ്ദ മൂലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലമാണ് പുനർനിയമന ഉത്തരവിറക്കിയത് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ കാണുകയും കണ്ണൂർ തൻറെ നാടാണെന്ന് പറയുകയും ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴിക്കുന്നത് ശരിയല്ല. അവരെ മുഖ്യമന്ത്രി ഉപകരണം ആക്കുകയായിരുന്നു. തനിക്ക് കത്തെഴുതാൻ മന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തി. പുതിയ വിസിയെ നിയമിക്കാനുള്ള നടപടി ആരംഭിച്ചപ്പോൾ ആദ്യം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്.

നടപടി പുരോഗമിക്കുകയാണെന്നും താങ്കളുടെ അഭിപ്രായം പരിഗണിക്കാം എന്നും മറുപടി നൽകി. മൂന്നുദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയും തന്നെ കണ്ടു മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. നിയമം അനുശാസിക്കുന്ന നടപടിയാണ് താൻ തുടങ്ങിയതെന്നു മറുപടി നൽകി. പുതിയ വിസിയെ നിയമിക്കാനുള്ള നടപടി നിർത്തിവയ്ക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം ഉണ്ടെന്നും പറഞ്ഞ് അവർ അദ്ദേഹത്തിന്റെ ഒപ്പില്ലാത്ത രേഖ കൈമാറി.

അത് താൻ ആദ്യം സ്വീകരിച്ചില്ല .പിന്നീട് അവർ രേഖയുമായി എത്തി. മന്ത്രിയുടെ കത്തുമായി തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവാണ്. നിയമവിരുദ്ധമാണെങ്കിലും ഉപദേശം ഉള്ളതിനാൽ അംഗീകരിക്കുകയാണെന്ന് താൻ അറിയിച്ചു. നിയമവിരുദ്ധമായ കാര്യങ്ങൾ ആണ് ആവശ്യപ്പെട്ടത് എന്നും സർവ്വകലാശാലയുടെ ചാൻസിലർ ആയി തുടരാൻ താല്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി പിന്നീട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാൻ കഴിയുമോ എന്നത് ധാർമിക ചോദ്യമാണെന്നും താൻ ആരുടെയും രാജി ആവശ്യപ്പെടുന്നില്ല എന്നും ഗവർണർ കൂട്ടിച്ചേർത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …