വർക്കല : വർക്കല പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാപനാശത്തിൽ പാരാഗ്ലൈഡിംഗിന് കമ്പനിക്ക് അനുമതിയില്ലെന്ന് പോലീസ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയമുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശി പവിത്രയിൽ നിന്ന് സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിൽ പാരാഗ്ലൈഡ് ജീവനക്കാർ ഒപ്പ് വാങ്ങിയിരുന്നു. ആശുപത്രി ജീവനക്കാരനെന്ന വ്യാജേനയാണ് ഒപ്പ് വാങ്ങിയത്.
പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ് ഉത്തരാഖണ്ഡ് സ്വദേശിയാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പോലീസ് പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് ഉള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗ് അനുവദനീയമാണോ എന്നതുൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.