തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഇടനിലക്കാരനായ വിജയ് പിള്ള ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള രേഖകൾ നൽകാൻ ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വപ്ന ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കും ഭരണകക്ഷിയെ നയിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബി.ജെ.പിക്കും സി.പി.എമ്മിനും ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമപ്രവർത്തകൻ ഷാജ് കിരണിന്റെ പേരും ഉയർന്നുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഇടനിലക്കാരെ കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.