ന്യൂഡൽഹി: ഡൽഹി മദ്യ ലൈസൻസ് തട്ടിപ്പ് കേസിൽ തന്‍റെ മകൾ കവിതയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന നൽകി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. കവിതയെ അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത റാവു, ബിആർഎസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നും പറഞ്ഞു. കവിതയുടെ അറസ്റ്റുണ്ടായാൽ നേതാക്കളോടും പ്രവർത്തകരോടും ഡൽഹിയിലേക്ക് വരാനാണ് നിർദ്ദേശം. ബി.ആർ.എസിനും കവിതയ്ക്കുമെതിരായ നീക്കം ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ വേട്ടയുടെ തുടർച്ചയാണെന്നാണ് പാർട്ടി നിലപാട്.
മദ്യ നയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയ്ക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകിയത്. വ്യാഴാഴ്ച ഹാജരാകാനാണ് ഇ.ഡി നിർദ്ദേശിച്ചിരുന്നതെങ്കിലും കവിത ഇന്നത്തേക്ക് സമയം നീട്ടി ചോദിക്കുകയായിരുന്നു. വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടികളെയും വനിതാ സംഘടനകളെയും അണിനിരത്തി ഡൽഹിയിൽ നിരാഹാര സമരം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കവിത സമയം നീട്ടി ചോദിച്ചത്.
ഹൈദരാബാദിലെ മലയാളി മദ്യവ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ലൈസൻസ് തട്ടിപ്പിൽ കവിതയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചതായാണ് വിവരം. കവിതയെ ഇയാളോടൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.