Breaking News

വേനൽ ചൂടിനെ നേരിടാൻ തണ്ണീർ പന്തലുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ഒരുക്കും. ഇവ മെയ് വരെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കളക്ടർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവ സജ്ജീകരിക്കണം. ഇത്തരം തണ്ണീർ പന്തലുകൾ എവിടെയാണെന്ന് എന്ന് പൊതുജനങ്ങളെ അറിയിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സുമനസ്കർ നൽകിയ കെട്ടിടങ്ങളും, പൊതു കെട്ടിടങ്ങളും ഉപയോഗിക്കാം. ഇത്തരം തണ്ണീർ പന്തലുകൾ സ്ഥാപിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയും കോർപ്പറേഷന് അഞ്ച് ലക്ഷം രൂപ വീതവും ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് അനുവദിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ ഈ ജോലി പൂർത്തിയാക്കും.

ഇക്കാര്യത്തിൽ വ്യാപാരികളുടെ സഹകരണം ഉറപ്പാക്കണം. താപനില കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താൽക്കാലിക തണുപ്പ് ഉറപ്പാക്കാൻ പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കാം. കുടിവെള്ള വിതരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പ്ലാൻ ഫണ്ട് / തനത് ഫണ്ട് ഉപയോഗിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങളിൽ, സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകൾ നൽകുകയും നടപ്പാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 

ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷിവകുപ്പ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകൾ വേനൽക്കാലദുരന്തങ്ങളെക്കുറിച്ച് വിപുലമായ ക്യാമ്പയിൻ നടത്തണം. ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന പേരിലാണ് ഇത്തരം ക്യാമ്പയിനുകൾ നടത്തുക. സാമൂഹിക സന്നദ്ധ സേന, അപ്ത മിത്ര, സിവിൽ ഡിഫൻസ് എന്നിവയെ ഇത്തരം പ്രചാരണത്തിനായി ഉപയോഗിക്കാം. ഒരാഴ്ചയ്ക്കകം പ്രചാരണം തുടങ്ങണം. അതത് വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട് ഇതിനായി വിനിയോഗിക്കാം.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …