തൊടുപുഴ: ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീന് നേരെ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കാന്‍റീനിലെ അടുക്കള ഭാഗമാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്‍റീൻ നടത്തിപ്പുകാരൻ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച എഡ്വിന്‍റെ പിന്നാലെ ആനയും ഓടി. അരിക്കൊമ്പനെ പിന്നീട് നാട്ടുകാർ ഓടിച്ചു.
ശാന്തമ്പാറ പന്നിയാർ എസ്റ്റേറ്റിലെ ആന്‍റണി എന്നയാളുടെ റേഷൻ കട നേരത്തെ ആന തകർത്തിരുന്നു. തുടർന്ന് റേഷൻ കട താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ആ ലയത്തിന്റെ അടിഭാഗത്തുള്ള കാന്‍റീന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. രാത്രി ആന എത്തിയപ്പോൾ എഡ്വിൻ കടയ്ക്കകത്തുണ്ടായിരുന്നു. ആന അടുത്തുവരുന്നതു കണ്ട് ഭയന്ന എഡ്വിൻ പുറത്തേക്കോടി. ഇതോടെ ആന എഡ്വിന്‍റെ പിന്നാലെ ഓടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയത്. കാന്‍റീനിന്‍റെ ചില ഭാഗങ്ങൾ ആന നശിപ്പിച്ചു. വാതിലുകളും ജനലുകളും തകർത്തെങ്കിലും അകത്തുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോയില്ല.
NEWS 22 TRUTH . EQUALITY . FRATERNITY