Breaking News

വോണിനെ അനുസ്മരിച്ച്‌ ‘അപമാനിച്ച്‌’ ഇന്ത്യന്‍ ഇതിഹാസം; പൊട്ടിത്തെറിച്ച്‌ ക്രിക്കറ്റ് ലോകം

അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനെ അനുസ്മരിച്ച്‌ ‘അപമാനിച്ച്‌’ പുലിവാലു പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വോണിനെ അനുസ്മരിച്ചു നടത്തിയ സംഭാഷണത്തിനിടയിലെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വോണ്‍ ലോകത്തിലെ മികച്ച ബൗളറല്ലെന്നും ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് വോണിനില്ലെന്നുമായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ കമന്ററിക്കിടെ വോണിനെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുമായി താരതമ്യം ചെയ്യാമോയെന്നുള്ള ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”വോണിനെ ഒരിക്കലും ഏറ്റവും മികച്ച സ്പിന്നര്‍മാരുടെ പട്ടികയില്‍ ഞാന്‍ ഉള്‍പ്പെടുത്തില്ല. ഒരു സാധാരണ സ്പിന്നര്‍ മാത്രമായിരുന്നു അദ്ദേഹം. എന്നെ സംബന്ധിച്ച്‌ ഇന്ത്യന്‍ സ്പിന്നര്‍മാരും ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരനും വോണിനെക്കാള്‍ മികച്ചവരാണ്”- ഗാവസ്‌കര്‍ പറഞ്ഞു. ”ഇന്ത്യക്കെതിരേ വോണിന്റെ റെക്കോഡ് നോക്കൂ.

ഒരു സാധാരണ ബൗളിങ് മാത്രമാണത്. ഇന്ത്യന്‍ മണ്ണില്‍ ഒരേയൊരു തവണമാത്രമാണ് വോണിന് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കാനായത്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ മികവ് കാട്ടാന്‍ വോണിന് ഒരിക്കലുമായിട്ടില്ല. വോണിനെ മികച്ച സ്പിന്നര്‍ എന്നെനിക്കു പറയാനാകില്ല. മുരളിക്ക് ഇന്ത്യക്കെതിരേ മികച്ച റെക്കോഡുണ്ട്. വോണിനേക്കാള്‍ മുകളില്‍ ഞാന്‍ മുരളിയെ പ്രതിഷ്ഠിക്കും”- ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഗാവസ്‌കറിന്റെ ഈ പരാമര്‍ശത്തിനെതിരേ നിരവധി ക്രിക്കറ്റ് ആരാധകരാണ് രംഗത്തു വന്നത്. ഗാവസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അപമാനമാണെന്നും, ഈ സാഹചര്യത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്നുമുള്ള തരത്തില്‍ നിരവധി ട്വീറ്റുകളാണ് ആരാധകര്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഓസീസ് ഇതിഹാസം അന്തരിച്ചത്. 52 വയസായിരുന്നു. ഓസ്‌ട്രേലിയയ്ക്കായി 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീട നേട്ടത്തിലേക്കു നയിച്ചതും ഷെയ്ന്‍ വോണായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …