ദിസ്പുർ: പുരാണത്തിലെ രാക്ഷസനായ ഭസ്മാസുരനോട് വനിതാ ജഡ്ജിയെ താരതമ്യപ്പെടുത്തി അപകീർത്തികരമായ പരാമർശം നടത്തിയ അഭിഭാഷകനെ ശിക്ഷിച്ച് ഗുവാഹത്തി ഹൈക്കോടതി. ജില്ലാ അഡീഷണൽ വനിതാ ജഡ്ജിക്കെതിരെ ആയിരുന്നു അഭിഭാഷകൻ ഉത്‍പാല്‍ ഗോസ്വാമിയുടെ പരാമർശം. ജസ്റ്റിസുമാരായ കല്യാൺ റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗോസ്വാമിയെ ശിക്ഷിച്ചത്.
നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയിൽ അഭിഭാഷകൻ ഒരു പരാതി നൽകിയിരുന്നു. തന്‍റെ ഭാഗം കേൾക്കാത്തതിൽ അഭിഭാഷകൻ അസ്വസ്ഥനായിരുന്നു. തുടർന്ന് അഭിഭാഷകൻ ജഡ്ജിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയും പുരാണത്തിലെ ഭസ്മാസുരനെപ്പോലെയാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നീട് കേസ് ഹൈക്കോടതിയിലെത്തി. ശിക്ഷ വിധിച്ച ശേഷം അഭിഭാഷകനെ 10,000 രൂപയ്ക്ക് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.